പത്തനംതിട്ട നഗരത്തെ ഭീതിയിലാഴ്ത്തി തെരുവുനായ, 21 പേർക്ക് കടിയേറ്റു
Thursday, January 23, 2020 1:10 AM IST
പത്തനംതിട്ട: നഗരത്തിലും സമീപപ്രദേശത്തുമായി ഇന്നലെ തെരുവുനായയുടെ കടിയേറ്റത് 21 പേർക്ക്. ഇതിൽ 20 പേരും പത്തനംതിട്ട ടൗൺ റോഡിലൂടെ നടന്നു പോയവരും വഴിയോര കച്ചവടക്കാരുമാണ്.
ഇന്നലെ രാവിലെ പ്രമാടം ഭാഗത്തുനിന്നു ടൗണിലേക്കെത്തിയ നായയാണ് ഭീതി പരത്തിയത്. നായയെ ഉച്ചകഴിഞ്ഞു തല്ലിക്കൊന്നതോടെയാണ് ഭീതി ഒഴിഞ്ഞത്. പ്രമാടത്തു വീടിനു മുന്നിൽ നിൽക്കുകയായിരുന്ന വെളുന്തറ പുത്തൻവീട്ടിൽ ഓമനയെയാണ് നായ ആദ്യം കടിച്ചത്.
പിന്നീട് 11ഓടെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തിയ നായ വഴിയാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. പേവിഷ ലക്ഷണങ്ങളോടെ എത്തിയ നായ വഴിയാത്രക്കാരെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച വ്യാപാരികൾ, ഓട്ടോറിക്ഷക്കാർ എന്നിവർക്കും കടിയേറ്റു. കൈകാലുകളിലാണ് പലർക്കും കടിയേറ്റത്. 11 മുതൽ ടികെ റോഡിന്റെ പല ഭാഗങ്ങളിലായി ആളുകൾക്ക് ഇതേ നായയുടെ കടിയേറ്റു. 12.30 ഓടെ അബാൻ ജംഗ്ഷൻ ഭാഗത്തു കണ്ട നായയെ തല്ലിക്കൊല്ലുകയായിരുന്നു.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി. മുറിവുകളിലൂടെ രക്തം ഒഴുകിയതിനാൽ മാരക പേ വിഷമുള്ള നായയാ ണു കടിച്ചതെന്ന നിഗമനത്തിലാണ് പ്രതിരോധ കുത്തിവയ്പ് നടത്തിയതെന്നു ജനറൽ ആശുപത്രി ആർഎംഒ ഡോ. ആശിഷ് മോഹൻ കുമാർ പറഞ്ഞു.
കടിയേറ്റവരിൽ പേ വിഷബാധയുണ്ടാകാതിരിക്കാൻ ഐഡിആർ വാക്സിനും ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബിനും കുത്തിവച്ചു. ജനറൽ ആശുപത്രിയിൽ ആവശ്യത്തിനു പ്രതിരോധ മരുന്നുകൾ കരുതിയിരുന്നതിനാൽ കടിയേറ്റ എല്ലാവർക്കും ചികിത്സ നൽകാൻ കഴിഞ്ഞതായി ആശുപത്രിയിലെത്തിയ ഡിഎംഒ ഡോ.എൽ. ഷീജയും അറിയിച്ചു.