2015 ലെ വോട്ടർപട്ടിക ; തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിനെതിരേ ഹർജി
Tuesday, January 21, 2020 12:24 AM IST
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക കരട് വോട്ടർ പട്ടികയായി നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിറക്കിയതിനെതിരേ കോണ്ഗ്രസ് നേതാവും വിശാലകൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) മുൻ ചെയർമാനുമായ എൻ. വേണുഗോപാൽ ഹൈക്കോടതിയിൽ ഹർജി നൽകി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക ഉപയോഗിക്കാതെ 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താനുള്ള നീക്കം സ്വേച്ഛാപരമാണെന്നും ഇതു റദ്ദാക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. 2019 ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
2015 ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുന്നതെങ്കിൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടർ പട്ടികയിൽ പേരു ചേർത്തവർക്കു വീണ്ടും പേരു ചേർക്കേണ്ട സ്ഥിതിയുണ്ടാകുമെന്നാണു ഹർജിയിലെ വാദം. ഒരേ നടപടി വീണ്ടും ചെയ്യേണ്ടി വരുന്നത് യുവാക്കളടക്കമുള്ള വോട്ടർമാരെ തെരഞ്ഞെടുപ്പിൽനിന്ന് അകറ്റാനിടയാക്കും. 2019 ലെ വോട്ടർപട്ടിക നിലവിലിരിക്കേ 2015 ലെ വോട്ടർ പട്ടിക കരട് പട്ടികയായി തെരഞ്ഞെടുത്തതിന്റെ കാരണം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.