ഭക്തർക്കു ദർശനം ഇന്നുകൂടി, ശബരിമല നട നാളെ അടയ്ക്കും
Monday, January 20, 2020 12:04 AM IST
പത്തനംതിട്ട: മണ്ഡല, മകരവിളക്കുകാല തീർഥാടനത്തിനു സമാപനം കുറിച്ചു ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട നാളെ രാവിലെ ആറിന് അടയ്ക്കും. അയ്യപ്പഭക്തർക്ക് ഇന്നു രാത്രി 10 വരെ മാത്രമേ ദർശനത്തിന് അവസരമുള്ളൂ. നാളെ പുലർച്ചെ മൂന്നിനു നട തുറക്കും. ഗണപതി ഹോമത്തിനു ശേഷം പന്തളം രാജപ്രതിനിധി മാത്രമായി ദർശനം നടത്തും. രാജപ്രതിനിധി ഉത്രം നാൾ പ്രദീപ് കുമാർ വർമ അയ്യപ്പദർശനം പൂർത്തിയാക്കിയാൽ ഉടൻ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
തുടർന്ന് മേൽശാന്തി രാജ പ്രതിനിധിക്കു താക്കോലും ക്ഷേത്രനട വരവിന്റെ പ്രതീകമായി പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി അടുത്ത ഒരു വർഷത്തേക്കുള്ള ക്ഷേത്ര ചെലവുകൾക്കായി പണക്കിഴി മേൽശാന്തിയെ ഏൽപ്പിക്കും. അതോടെ ഈ തീർഥാടനക്കാലത്തെ ചടങ്ങുകൾ പൂർത്തിയാകും. തിരുവാഭരണങ്ങളുമായി വാഹക സംഘം പന്തളത്തേക്കു മടങ്ങും. 22ന് പെരുനാട് കക്കാട്ടുകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും.