ശ്രവണ സഹായിക്കുള്ള ജിഎസ്ടി പിൻവലിക്കണം: കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ
Sunday, January 19, 2020 12:15 AM IST
ആലുവ: ശ്രവണ സഹായ യന്ത്രങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 18 ശതമാനം ജിഎസ്ടി പിൻവലിക്കണമെന്ന് കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആവശ്യപ്പെട്ടു. കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിക്ക് വിധേയമായവരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 2,400 ഓളം വരുന്ന ഇംപ്ലാന്റീസിന്റെയും അവരുടെ രക്ഷിതാക്കളുടെയും ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് ആലുവ യുസി കോളജ് ടാഗോർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് മന്ത്രി ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ പ്രസംഗിക്കും.