ഇടുക്കിയിലെ ആനസവാരി; ഇടക്കാല ഉത്തരവ് നീക്കാനാവില്ലെന്ന് ഹൈക്കോടതി
Saturday, January 18, 2020 12:05 AM IST
കൊച്ചി: ഇടുക്കിയിൽ ആന സവാരിക്ക് പെർഫോമിംഗ് ആനിമൽസ് (രജിസ്ട്രേഷൻ) ചട്ടപ്രകാരം രജിസ്റ്റർ ചെയ്യാത്ത ആനകളെ ഉപയോഗിക്കരുതെന്ന ഇടക്കാല ഉത്തരവ് നീക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
ഇടുക്കിയിൽ ടൂറിസ്റ്റുകളെ വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് ആനപ്പുറത്തു കയറ്റി കൊണ്ടുപോകുന്നതിന് രജിസ്ട്രേഷൻ ഉള്ള നാട്ടാനളെ ഉപയോഗിക്കണമെന്നു കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവു നൽകിയിരുന്നു. സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ (എസ്പിസിഎ) എന്ന സംഘടനയുടെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ഈ ഇടക്കാല ഉത്തരവ്.
എന്നാൽ പൊതുതാത്പര്യ സ്വഭാവത്തിലുള്ള ഹർജിയല്ലിതെന്നും ഇതു നിലനിൽക്കില്ലെന്നും ആരോപിച്ച് മുണ്ടക്കയം സ്വദേശി സജി ഹൈക്കോടതിയിൽ ഇടക്കാല ഉത്തരവു നീക്കാൻ ഹർജി നൽകി. ഇതിലാണ് ഇടക്കാല ഉത്തരവ് നീക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.