കേരള ബാങ്ക് യാഥാർഥ്യമായി
Saturday, December 7, 2019 12:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ സാന്പത്തിക സ്ഥാപനമായി കേരള ബാങ്ക് മാറുമെന്നും ഇപ്പോൾ സഹകരിക്കാതെ മാറിനിൽക്കുന്നവരുമായി സർക്കാർ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക് രൂപീകരണത്തിൽനിന്ന് ഒരു പ്രദേശത്തെയും ഒഴിവാക്കി നിർത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ആകെ വികസനത്തിന് ഉതകുന്ന സ്ഥാപനമായാണു ബാങ്ക് മാറാൻ പോകുന്നത്. സഹകരണരംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയപ്പോൾ രാഷ്ട്രീയമൊക്കെ മറന്ന് ഒരുമിച്ചുനിന്നവരാണു നമ്മളെന്നും വിയോജിപ്പുകൾ മാറ്റിവച്ചു കേരള ബാങ്കുമായി സഹകരിച്ചു മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള ബാങ്ക് കേരളത്തിന്റെ ദീർഘനാളത്തെ സ്വപ്നവും ചരിത്രപരമായ നേട്ടവുമാണ്. ഏകീകൃത കോർ ബാങ്കിംഗ് ഉൾപ്പെടെ ബാങ്കിംഗ് രംഗത്തെ എല്ലാ ആധുനിക സൗകര്യങ്ങളും ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരും. പ്രാഥമിക സഹകരണബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയിന്റുകളാക്കി മാറ്റും. 2020 മാർച്ച് 31നുള്ളിൽ 5000 ഹ്രസ്വവായ്പകൾ ബാങ്കുവഴി നൽകും. നിലവിലുള്ള കാർഷിക വായ്പകളുടെ പലിശ നിരക്കിനേക്കാൾ ഒരു ശതമാനം കുറവ് വരുത്തി കേരള ബാങ്ക് കൃഷിക്കാർക്ക് വായ്പ നല്കുമെന്നും കേരളത്തിനു പുറത്തുനിന്നുള്ള മലയാളികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, എ.സി. മൊയ്തീൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, മേയർ കെ.ശ്രീകുമാർ, എംഎൽഎമാരായ വി.കെ. പ്രശാന്ത്, വി.ജോയ്, ചീഫ് സെക്രട്ടറി ടോംജോസ് എന്നിവർ പ്രസംഗിച്ചു.