രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു
Saturday, December 7, 2019 12:16 AM IST
തിരുവനന്തപുരം: രാജ്യത്ത് ഭാഷയുടെയും ദേശത്തിന്റെയും ബഹുസ്വരത ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു ഭാഷ, ഒരു ദേശം എന്ന നിലയിലേക്ക് ബഹുസ്വരതയുള്ള സമൂഹത്തെ മാറ്റിയെടുക്കുന്ന നടപടികളുടെ പരീക്ഷണശാലയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ 24-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയിൽ പ്രേക്ഷകരുടെ രാ ഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാൻ സിനിമയ്ക്ക് കഴിയും. മൂന്നാം ലോക സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന രാഷ്ട്രീയ നിലപാടാണ് ഐഎഫ്എഫ്കെയ്ക്കുള്ളതെന്നും ഇതാണ് ഐഎഫ്എഫ്കെയെ മറ്റ് ചലച്ചിത്രോത്സവങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായി. ചടങ്ങിൽ നടി ശാരദയെ ആദരിച്ചു. മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമന്ത്രി കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശനം ചെയ്തു.
ഉദ്ഘാടന ചിത്രമായ ‘പാസ്ഡ് ബൈ സെൻസർ’നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.