വ്യാജരേഖ: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ ഉത്തരവ്
Saturday, November 23, 2019 12:20 AM IST
കൊച്ചി: കോട്ടയത്തെ റോഷ്നി സീ ഫുഡ്സ് കന്പനിയുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ചു തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കന്പനിയുടെ ഡയറക്ടറായിരുന്ന ബീന രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.
കന്പനിയുടെ എംഡിയും ഹർജിക്കാരിയുടെ ഭർത്താവുമായിരുന്ന പി.ജി. രാധാകൃഷ്ണൻ മരിച്ചതോടെ കന്പനിയുടെ സാന്പത്തിക ഉപദേഷ്ടാവായിരുന്ന വ്യക്തി ഒപ്പും വ്യാജ രേഖയും ചമച്ച് 500 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്നാണ് കേസ്. കന്പനിയുടെ സ്വത്തുക്കൾക്കു പുറമെ പയ്യന്നൂരിൽ ചെമ്മീൻ കൃഷിക്കായി വാങ്ങിയ 90 ഏക്കർ ഭൂമിയും തട്ടിയെടുത്തെന്ന് പരാതിയുണ്ട്.