കോണ്‍ക്രീറ്റ് മാലിന്യ പുനരുപയോഗ പദ്ധതിയുമായി കുസാറ്റ് ഗവേഷകര്‍
Friday, November 22, 2019 11:09 PM IST
കളമശേരി: വലിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്പോൾ ഉണ്ടാകുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതിനുള്ള കുസാറ്റ് ഗവേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ നേടുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മെറ്റൽ ഉപയോഗിച്ച് തയാറാക്കുന്ന കോണ്‍ക്രീറ്റിനു പകരം കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് ഡോ. ദീപക് കുമാര്‍ സാഹൂ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ത്രിവത്സര സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രോജക്ടിലാണ് പഠനം നടന്നത്. കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ഗ്ലോറി ജോസഫ്, സ്കൂള്‍ ഓഫ് എൻജിനിയറിംഗിലെ ഗവേഷണ വിദ്യാര്‍ഥികളായ പ്രവീണ്‍ മാത്യു, ബിജു വര്‍ഗീസ് എന്നിവരാണ് ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ക്രഷര്‍ പ്ലാന്റിലൂടെ പഴയ കോണ്‍ക്രീറ്റ് പുനരുപയോഗം ചെയ്യാമെന്നും ഇവ കോണ്‍ക്രീറ്റില്‍ ചേര്‍ത്തും ഉയര്‍ന്ന ഗുണനിലവാരമുള്ള കോണ്‍ക്രീറ്റ് ഇഷ്ടികകളുടെ നിര്‍മാണത്തിനും ഉപയോഗിക്കാമെന്നും പഠനം തെളിയിച്ചു. ഇത് മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്പോഴുണ്ടാകുന്ന അവശിഷ്ടങ്ങളുടെ കാര്യത്തിലും പ്രായോഗികമാക്കാമെന്ന് ഗവേഷകർ പറയുന്നു.