ശബരിമല വിധിയിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു സിപിഎം
Sunday, November 17, 2019 1:00 AM IST
തിരുവനന്തപുരം: ശബരിമലയിലെ പുതിയ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ പാർട്ടി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തികഞ്ഞ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണു വിധി.
അതിൽ വ്യക്തത വരുത്തി ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ട്. എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമത്വം വേണമെന്ന നിലപാടുതന്നെയാണു പാർട്ടിക്കുള്ളതെന്നും മറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളുടെ ഭാവന മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.
അതതു കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണു സർക്കാരുകൾ പ്രവർത്തിക്കേണ്ടത്. 1991-ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബർ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തിൽ എൽഡിഎഫ് സർക്കാരുകൾ പ്രവർത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിനുശേഷം അതു നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തവും നിർവഹിച്ചു. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണു സർക്കാരിന്റെ ഉത്തരവാദിത്തം.
എന്നാൽ, ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളിൽ ഉൾപ്പെടെയുണ്ട്. അതുകൊണ്ട് ആശയവ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്കർഷിക്കുന്നത് അതു നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ നിർവഹിക്കേണ്ടതെന്നും ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം സെക്രട്ടേറിയറ്റ് പറഞ്ഞു.