വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫ്- എൽഡിഎഫ് ധാരണയെന്നു ബിജെപി
Thursday, October 17, 2019 11:37 PM IST
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫ്- എൽഡിഎഫ് ധാരണയെന്ന് ബിജെപിസംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പത്രസമ്മേളനത്തിൽ ആരോപിച്ചു.
രണ്ടുമണ്ഡലങ്ങളിലും പല കാര്യങ്ങളിലും കുറെക്കാലമായി യുഡിഎഫ്-എൽഡിഎഫ് ധാരണയിലാണ്. തിരുവനന്തപുരം കോർപറേഷനിൽപെടുന്നതാണ് വട്ടിയൂർകാവ് മണ്ഡലം. നൂറിൽ 43 സീറ്റുള്ള എൽഡിഎഫ് ഭരണം നിലനിർത്താൻ 21 സീറ്റുള്ള യുഡിഎഫ് സഹകരിക്കുന്നു. വോട്ടെടുപ്പോ അത്യാവശ്യ ഘട്ടങ്ങളോ വന്നാൽ കൗണ്‍സിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയാണ് സഹകരിക്കുന്നത്.
ബിജെപി ഒന്നാം സ്ഥാനത്തുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലെ ഭരണം നിലനിർത്താൻ ഇരുമുന്നണികളും സഹകരിച്ചു നീങ്ങുന്നു. അതിനാൽ ഇരു മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടാകുമെന്ന സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.