ജില്ലാ സഹ.ബാങ്ക് എംപ്ലോയീസ് ഫെഡ. സമ്മേളനം ഇന്നു മുതൽ
Monday, September 23, 2019 1:06 AM IST
കാഞ്ഞങ്ങാട്: ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒൻപതാം സംസ്ഥാന സമ്മേളനം ഇന്നു മുതൽ 25 വരെ കാഞ്ഞങ്ങാട്ട് നടക്കും. കോട്ടച്ചേരി ആകാശ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഇന്നു രാവിലെ ഒൻപതിന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വനിതാ സമ്മേളനം എൻ. സുകന്യ ഉദ്ഘാടനം ചെയ്യും.
തുടർന്ന് വനിതാ സബ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30 ന് പ്രകടനം. തുടർന്നു നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒൻപതിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് യാത്രയയപ്പ് സമ്മേളനം ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്യും. രാത്രി കലാപരിപാടികൾ. 25 ന് ഉച്ചകഴിഞ്ഞ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.