സിബിഎസ്ഇ ബോർഡ് അഫിലിയേഷൻ; ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾക്കും സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണമെന്നു ഹൈക്കോടതി
Monday, September 16, 2019 11:44 PM IST
കൊച്ചി: സിബിഎസ്ഇ ബോർഡിന്റെ അഫിലിയേഷൻ ലഭിക്കണമെങ്കിൽ ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾക്കും സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സ്കൂളിന് അഫിലിയേഷൻ ലഭിക്കണമെങ്കിൽ സർക്കാരിന്റെ അംഗീകാരം വേണമെന്നത് വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥയല്ല, മറിച്ച് സിബിഎസ്ഇ നിയമാവലിയിലുള്ളതാണെന്നു കോടതി പറഞ്ഞു. 2009 ലെ വിദ്യാഭ്യാസനിയമം ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾക്കു ബാധകമല്ലെന്ന വിധി സിബിഎസ്ഇ അഫിലിയേഷൻ വ്യവസ്ഥയുടെ കാര്യത്തിൽ ബാധകമല്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അഫിലിയേഷൻ വ്യവസ്ഥകളിൽ 2018 ൽ സിബിഎസ്ഇ ഭേദഗതി വരുത്തിയെങ്കിലും സർക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. അംഗീകാരം ഇല്ലാത്ത ക്ലാസുകൾ നിർത്തിവയ്ക്കണമെന്നും സർക്കാരിന്റെ അനുമതി ലഭിച്ചശേഷം നിയമപ്രകാരം അഫിലിയേഷന് അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.
സർക്കാർ അംഗീകാരമില്ലെന്ന കാരണത്താൽ അഫിലിയേഷൻ അപേക്ഷ നിരസിച്ചതു വീണ്ടും പരിഗണിക്കണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരേ സിബിഎസ്ഇ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്. എറണാകുളം വാഴക്കുളം മുല്ലപ്പുഴച്ചാൽ ബേത്ലഹേം ഇന്റർനാഷണൽ സ്കൂളിന്റെ മാനേജർ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ അംഗീകാരമില്ലെങ്കിലും ഈ സ്കൂളിന്റെ അഫിലിയേഷൻ അപേക്ഷ പരിഗണിക്കാൻ സിംഗിൾ ബെഞ്ച് നേരത്തെ സിബിഎസ്ഇയോടു നിർദേശിച്ചിരുന്നത്. ന്യൂനപക്ഷ പദവിയുള്ള സ്കൂൾ എന്ന നിലയിൽ 2009 ലെ വിദ്യാഭ്യാസാവകാശ നിയമം ബാധകമല്ലെന്നും സ്കൂളിന് സർക്കാരിന്റെ അംഗീകാരം ഉണ്ടോയെന്ന് നോക്കാതെ അഫിലിയേഷൻ നൽകുന്നതാണ് കീഴ്വഴക്കമെന്നും സ്കൂൾ മാനേജർ വാദിച്ചു.
ഹർജിക്കാരന്റെ സ്കൂളിന് നാലാം ക്ലാസ് വരെയാണു സർക്കാർ അനുമതി നൽകിയിട്ടുള്ളതെന്നു സിബിഎസ്ഇ ചൂണ്ടിക്കാട്ടി. അഞ്ചാം ക്ലാസ് തുടങ്ങണമെങ്കിൽ മിഡിൽ ക്ലാസ് സിലബസ് പ്രകാരം സിബിഎസ്ഇയുടെ താല്കാലിക അനുമതിയോ അഫിലിയേഷനോ വേണം. ഇതൊന്നുമില്ലാതെ എട്ടാം ക്ലാസിലുൾപ്പെടെ ക്ലാസ് തുടങ്ങിയശേഷമാണു സർക്കാർ അനുമതിയില്ലാതെ സ്കൂൾ മാനേജ്മെന്റ് അഫിലിയേഷന് അപേക്ഷ നൽകിയതെന്നും ഇത് അനുവദിക്കാനാവില്ലെന്നും സിബിഎസ്ഇയുടെ അഭിഭാഷകൻ വാദിച്ചു.