നിലമ്പൂരിലെ പ്രളയദുരന്ത മേഖല വിദഗ്ധസംഘം പരിശോധിച്ചു
Saturday, September 14, 2019 12:32 AM IST
എടക്കര: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നിലമ്പൂർ മേഖലയിൽ ഭൗമശാസ്ത്ര പഠനം നടത്താൻ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ സംഘമെത്തി. തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസിൽ (സിടിപിഒ) നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ പോത്തുകല്ലിലും നാടുകാണിച്ചുരത്തിലും പരിശോധന നടത്തിയത്.
ദുരന്തത്തിനുള്ള കാരണങ്ങൾ, വീണ്ടും ദുരന്തമുണ്ടാകാനുള്ള സാധ്യത, ദുരന്ത പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പുനർനിർമാണ പ്രവൃത്തികൾ നടത്തേണ്ട രീതികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ സംഘം വിശദമായ പഠനം നടത്തും. ഉരുൾപൊട്ടലുണ്ടായ പാതാർ, അതിരുവീട്ടി, മുട്ടിപ്പാലം, കവളപ്പാറ, നാടുകാണിച്ചുരം എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. പഠനം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഈ മാസം 20ന് സമർപ്പിക്കും. കേന്ദ്ര സംഘം തിരുവനന്തപുരത്ത് എത്തുന്നത്തിനാലാണ് പ്രാഥമിക റിപ്പോർട്ട് അന്ന് സമർപ്പിക്കുന്നത്. വിശദമായ റിപ്പോർട്ട് ഒരു മാസത്തിനുളളിൽ തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനർ മുഖേന സർക്കാരിനു സമർപ്പിക്കും.
മേഖലയിൽ വിശദമായ ഭൗമശാസ്ത്ര പഠനങ്ങൾ അത്യാവശ്യമാണെന്നു സംഘാംഗങ്ങൾ പറഞ്ഞു. തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസിലെ ടൗണ്‍ പ്ലാനർ ടി.കെ. ഗിരീഷ്കുമാർ, ജിയോളജിസ്റ്റ് പ്രമോദ് ലാൽ, മലപ്പുറം ഡെപ്യൂട്ടി ടൗണ്‍ പ്ലാനർമാരായ മുഹമ്മദ് മുസ്തഫ, പി. ഗിരീഷ്കുമാർ, പ്ലാനിംഗ് അസിസ്റ്റന്റുമാരായ സൽമാനുൽ ഫാരിസ്, ഷാഹിൻ റസാഖ്, പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻ പിള്ള, കരുളായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു, വാർഡംഗം ബർത്തില ബേബി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.