റേഞ്ചർക്കെതിരേയുള്ള പരാതി ഫോറസ്റ്റ് വിജിലൻസിന്
Sunday, August 18, 2019 12:06 AM IST
കൊച്ചി: തേക്കുമരം മുറിച്ചു കടത്തിയ കേസിൽ അറസ്റ്റിലായ ആളിൽനിന്ന് 17,500 രൂപ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ അപഹരിച്ചെന്ന പരാതി ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ (വിജിലൻസ്) അന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്. അന്വേഷണം നിഷ്പക്ഷവും സത്യസന്ധവുമായി നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർക്ക് നിർദേശം നൽകി.
നേര്യമംഗലം കാടിക്കണ്ടം സ്വദേശിനി പുഷ്പജ ശശിധരൻ നൽകിയ പരാതിയിലാണ് നടപടി. 2018 ഫെബ്രുവരി 21നു സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽനിന്നു പണമെടുക്കാൻ പോയ തന്റെ മകൻ സുരേഷ് ബാബുവിനെ ഇഞ്ചത്തൊട്ടി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ മർദിച്ചു പണം അപഹരിച്ചെന്നാണു പരാതി.
പണാപഹരണ ആരോപണം ഫോറസ്റ്റ് റേഞ്ചർ നിഷേധിച്ചു. തനിക്കു സുരേഷ്ബാബുവിൽനിന്നു വധ ഭീഷണിയുള്ളതായി അദ്ദേഹം മൊഴിയും നൽകി. കമ്മീഷൻ കേസ് വിളിച്ചപ്പോൾ പരാതിക്കാരി ഹാജരായി ആരോപണങ്ങൾ ആവർത്തിച്ചു. തുടർന്നാണു പരാതി പ്രത്യേകം അന്വേഷിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.