രാജ്യത്തിനായി നൂറാം ഗോൾ നേടി ലയണൽ മെസി
Wednesday, March 29, 2023 10:37 PM IST
സാന്റിയാഗോ: രാജ്യത്തിനായി നൂറാം ഗോൾ നേടി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. ക്യുറസാവോയ്ക്കെതിരായ സൗഹൃദമത്സരത്തിലായിരുന്നു മെസിയുടെ ചരിത്രനേട്ടം. കരിയറിൽ 800 ഗോൾ നേട്ടം പൂർത്തിയാക്കിയതിനു പിന്നാലെയാണു മെസി അർജന്റീനയ്ക്കായി 100 ഗോൾനേട്ടം പിന്നിടുന്നത്.
ബുധനാഴ്ച പുലർച്ചെ അർജന്റീനയിലെ സാന്റിയാഗോയിൽ നടന്ന മത്സരത്തിൽ, ലോകചാന്പ്യന്മാരോട് എതിരില്ലാത്ത ഏഴു ഗോളുകൾക്കാണു ക്യുറസാവോ പരാജയപ്പെട്ടത്. മത്സരത്തിൽ മെസി ഹാട്രിക് നേടി. 20-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയാണു മെസി രാജ്യത്തിനായി 100 അന്താരാഷ്ട്ര ഗോൾനേട്ടം കുറിച്ചത്. 174 മത്സരങ്ങളിൽനിന്നാണു സൂപ്പർ താരത്തിന്റെ നേട്ടം.
33, 37 മിനിറ്റുകളും ഗോൾ നേടിയതോടെ മെസിയുടെ രാജ്യാന്തര ഗോൾനേട്ടം 102 ആയി; ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് പൂർത്തിയാക്കാനും മെസിക്കായി. മെസിയുടെ കരിയറിലെ 57-ാം ഹാട്രിക്കാണിത്. ലോകകപ്പ് കിരീടം ഉയർത്തി നൂറാം ദിവസം മെസി നൂറാം അന്താരാഷ്ട്ര ഗോൾ നേടിയെന്ന പ്രത്യേകതയുമുണ്ട്.
ആദ്യ പകുതിയിൽ അഞ്ചു ഗോളിനു മുന്നിട്ടുനിന്ന അർജന്റീന രണ്ടാം പകുതിയിൽ രണ്ടുഗോൾ കൂടി നേടിയതോടെ കരീബിയൻ ദ്വീപുരാഷ്ട്രത്തിന്റെ പതനം പൂർണമായി. നിക്കോ ഗോണ്സാലസ് (23’), എൻസോ ഫെർണാണ്ടസ് (35’), എയ്ഞ്ചൽ ഡി മരിയ (78’), ഗോണ്സാലോ മോണ്ടിയൽ (87’) എന്നിവരാണ് അർജന്റീനയുടെ ശേഷിക്കുന്ന ഗോളുകൾ നേടിയത്.
എൻസോയുടെ ഗോളിനു വഴിയൊരുക്കിയതോടെ അർജന്റീനയ്ക്കായി മെസിയുടെ ഗോൾ പങ്കാളിത്തം 156 ആയി. രാജ്യാന്തര ഫുട്ബോളിൽ മറ്റൊരു താരത്തിനും സ്വന്തമാക്കാനാകാത്ത നേട്ടമാണിത്.
കഴിഞ്ഞ വെള്ളിയാഴ്ച പാനമയ്ക്കെതിരേ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അർജന്റീന ജയിച്ചിരുന്നു. ലോകകപ്പ് കിരീടം നേടിയശേഷം ആദ്യമായി കളത്തിലിറങ്ങിയതായിരുന്നു പനാമയ്ക്കെതിരേ. ഈ കളിയിൽ 89-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ഗോളടിച്ചാണു മെസി തന്റെ കരിയറിലെ 800-ാം ഗോൾ സ്വന്തമാക്കിയത്.
ഗോൾവഴി (അർജന്റീന)- 102
മത്സരം: 174
ഗോൾ ശരാശരി: 0.59
142 മിനിറ്റിൽ ഒരു ഗോൾ
ഇടംകാൽ: 90
വലംകാൽ: 10
ഹെഡർ: 02
ബോക്സിനകത്തുനിന്ന്: 55
ബോക്സിനു പുറത്തുനിന്ന്: 13
പെനൽറ്റി: 24
ഫ്രീകിക്ക്: 10
ഹാട്രിക്: 9
ഗോൾനേട്ടം
സൗഹൃദമത്സരം: 48
ലോകകപ്പ് യോഗ്യത: 28
ലോകകപ്പ്: 13
കോപ്പഅമേരിക്ക: 13