ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ; ഫൗൾ പ്ലേ!
Thursday, June 23, 2022 12:29 AM IST
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നിലവിൽ നാഥനില്ലാ കളരിയാണ്. അതുകൊണ്ടുതന്നെ ഏതു നിമിഷവും ഫിഫയുടെ വിലക്ക് വീണേക്കും.
പ്രഭുൽ പട്ടേലിനെ എഐഎഫ്എഫ് തലവൻ സ്ഥാനത്തുനിന്നു നീക്കംചെയ്ത് സുപ്രീംകോടതി സിഒഎയ്ക്ക് (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഴ്സ്) സംഘടനയുടെ നടത്തിപ്പ് അവകാശം നൽകിയതോടെയാണിത്. രസകരമായ മറ്റൊരു വസ്തുത, സിഒഎ മറ്റൊരു ഉപദേശകസംഘത്തെ നിയമിച്ചെന്നതാണ്. അതും ദൈനംദിന കാര്യങ്ങളെക്കുറിച്ച് ധരിപ്പിക്കാനായി രഞ്ജിത് ബജാജിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെയാണ് സിഒഎ നിയോഗിച്ചത്. സിഒഎയെ നിയമിച്ച 11 അംഗ സബ് കോണ്ട്രാക്റ്റ് ഉപദേശക കമ്മിറ്റിയിൽ ഭൂരിഭാഗവും പ്രഭുൽ പട്ടേലിന്റെ വിമർശകരാണെന്നതും യാഥാർഥ്യം.
കുശാൽ ദാസ് മുങ്ങി
ഇതിനിടെ, എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് മെഡിക്കൽ ലീവ് എന്ന കാരണം കാണിച്ച് മുങ്ങിയിരിക്കുകയാണ്. അതിന്റെ പിന്നിൽ ഡൽഹി എഫ്സി മുതലാളിയായ രഞ്ജിത് ബജാജിന്റെ ഇടപെടൽ ഉണ്ടെന്നതും പിന്നാന്പുറ രഹസ്യം. കഴിഞ്ഞ മാസം കുശാൽ ദാസിനെതിരേ രഞ്ജിത് ബജാജ് ലൈംഗികാതിക്രമ കേസ് ഫയൽ ചെയ്തിരുന്നു. ഫിഫയെയും എഎഫ്സിയെയും ഇക്കാര്യം രഞ്ജിത് ബജാജ് അറിയിച്ചു.
സ്റ്റിമാച്ച് സ്വന്തം വഴിക്ക്
എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ) ഏഷ്യൻ കപ്പ് 2023 ചാന്പ്യൻഷിപ്പിനുള്ള യോഗ്യതാ റൗണ്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ച് എഐഎഫ്എഫിന്റെ വഴിക്കല്ല ഇപ്പോൾ സഞ്ചാരം. കോൽക്കത്തയിൽ നടന്ന ഗ്രൂപ്പ് ഘട്ട യോഗ്യതാ മത്സരങ്ങൾക്കുശേഷം ഇഗോർ സ്റ്റിമാച്ച് സ്വമേധയാ പത്രസമ്മേളനം നടത്തി. എഐഎഫ്എഫ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ അല്ലായിരുന്നു അത്. വൈകാതെ ഇന്ത്യക്ക് ഫിഫയുടെ വിലക്ക് വന്നേക്കുമെന്ന സൂചനയാണ് ഇഗോർ സ്റ്റിമാച്ച് നൽകുന്നത്. ഫുട്ബോൾ ഫെഡറേഷനുകളിൽ പുറമേനിന്നുള്ള ഇടപെടലുകൾ പാടില്ലെന്ന ഫിഫയുടെ നിയമം കാറ്റിൽപ്പറത്തിയ പാക്കിസ്ഥാനെ വിലക്കിയതും ഇതോട് ചേർത്തുവായിക്കണം.
ജ്യോതിഷത്തിന് 16 ലക്ഷം!
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണയിക്കാൻ ജ്യോതിഷ കന്പനിയെ എഐഎഫ്എഫ് നിയോഗിച്ചെന്നു കേട്ടാൽ കാൽപ്പന്ത് ആരാധകർ അദ്ഭുതപ്പെടേണ്ട. എഐഎഫ്എഫിലെ തട്ടിപ്പിന്റെ മുഖമായിരുന്നു അത്. ഒരു വ്യാജ ജ്യോതിഷ കന്പനിയുടെ പേരിൽ 16 ലക്ഷം രൂപയാണ് പൊടിച്ചത്.
ഉപദേശക കമ്മിറ്റിയിൽ അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജയദീപ് ബസു ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജയദീപ് ബസുവിന്റെ പരിഹാസരൂപേണയുള്ള ട്വീറ്റ് ഇങ്ങനെ: ‘ഏഷ്യ കപ്പ് യോഗ്യത നേടിയ ടീം കഴിവിലൂടെ മാത്രമല്ല മുന്നേറിയത്. 16 ലക്ഷം രൂപ മുടക്കി ഒരു ജ്യോതിഷ കന്പനിയെ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിനായി ഒഫീഷ്യൽസ് നിയോഗിച്ചിരുന്നു. ആ കന്പനിയുടെ വിലാസം തേടിയപ്പോഴാണ് അങ്ങനെയൊരു കന്പനി ഇല്ലെന്ന് തെളിഞ്ഞത്. എങ്കിലും ടീം ജയിച്ചു. എഐഎഫ്എഫിലെ ആ ഒഫീഷ്യലിനോട് അവധിയിൽ പോകാൻ പറഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ എത്ര രസകരമാണ് ’.
ഫിഫ-എഎഫ്സി സംഘം എത്തി
ഫിഫ-എഎഫ്സി പ്രതിനിധിസംഘം ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ തന്പടിക്കുന്നുണ്ട്. സുപ്രീംകോടതി എഐഎഫ്എഫിന്റെ മേൽനോട്ടത്തിനായി സിഒഎ സംഘത്തെ നിയമിച്ചത് എന്തിനാണെന്ന് പഠിക്കുകയാണ് ഈ പ്രതിനിധി സംഘം. ഇവരുടെ കണ്ടെത്തലുകൾ അനുസരിച്ചായിരിക്കും എഐഎഫ്എഫിന് വിലക്ക് ഉണ്ടാകുമോ എന്നു വ്യക്തമാകൂ.