ഇന്നേക്ക് മൂന്നാംനാൾ ഐപിഎൽ കൊടിയേറ്റം
Tuesday, September 15, 2020 11:16 PM IST
ദുബായ്: കോവിഡ് ഭീഷണി മറികടന്ന ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പൂരം കൊടിയേറാൻ ഇനി വെറും മൂന്ന് ദിനം മാത്രം. കോവിഡ് നാടുകടത്തിയ 13-ാം എഡിഷൻ ഐപിഎലിന്റെ ആദ്യ ടോസ് യുഎഇയിൽ ശനിയാഴ്ച നടക്കും.
ലോക ക്രിക്കറ്റിലെ ഗ്ലാമർ ട്വന്റി-20 ഫ്രാഞ്ചൈസി പോരാട്ടത്തിനു തിരിതെളിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്ത്യൻ ടീമിനോടു വിടപറഞ്ഞ എം.എസ്. ധോണി ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം മൈതാനത്തെത്തുന്ന പോരാട്ടംകൂടിയാണ് ഇത്തവണത്തെ ഐപിഎൽ.
പ്രസിഡന്റ് സൗരവ് ഗാംഗുലിയടക്കമുള്ള ബിസിസിഐ പ്രതിനിധികൾ ഐപിഎൽ മുന്നൊരുക്കം വിലയിരുത്താനായി ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തി. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ, ഐപിഎൽ മുൻ ചെയർമാൻ രാജീവ് ശുക്ല, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, ഷാർജ ക്രിക്കറ്റ് അധികൃതർ തുടങ്ങിയവരും ഗാംഗുലിക്കൊപ്പം സ്റ്റേഡിയത്തിലും മൈതാനത്തും എത്തി. ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിൽ 22-ാം തീയതിയാണു ഷാർജയിലെ ആദ്യ മത്സരം.
13-ാം എഡിഷൻ ഐപിഎലിൽ ഇതിനോടകം ഏറെ ചർച്ചചെയ്യപ്പെട്ട ടീം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ആണ്. യുഎഇയിൽ ക്വാറന്റൈനിൽ കഴിഞ്ഞ സൂപ്പർ കിംഗ്സ് ടീമിൽ കോവിഡ് പടർന്നതും സുരേഷ് റെയ്ന നാട്ടിലേക്കു മടങ്ങിയതും രണ്ട് താരങ്ങൾക്ക് കോവിഡ് പിടിപെട്ടതുമെല്ലാം വാർത്തകളിൽ നിറഞ്ഞു.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഇത്തവണത്തെ ഐപിഎലിൽ 20,000 കോവിഡ്-19 പരിശോധനകൾ നടക്കും. കാണികൾക്ക് ഗാലറിയിൽ പ്രവേശനം നൽകുന്നതും ബിസിസിഐയുടെയും യുഎഇ ക്രിക്കറ്റ് അസോസിയേഷന്റെയും ആലോചനയിലുണ്ട്.