ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം
Sunday, April 20, 2025 12:37 AM IST
അഹമ്മദാബാദ്: അഞ്ചു തുടർവിജയങ്ങൾക്കു ശേഷം തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ്. ഐപിഎൽ 2025 ട്വന്റി20 ക്രിക്കറ്റിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടാണ് ഡൽഹി ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 203 റണ്‍സ് പടുത്തുയർത്തിയെങ്കിലും ഗുജറാത്തിന്റെ ജോസ് ബട്ലർ ഷോയിൽ വീണു. ഈ ജയത്തോടെ ഡൽഹിയെ മറികടന്ന് ഗുജറാത്ത് ഒന്നാം സ്ഥാനത്ത് എത്തി. ജോസ് ബട്ലർ ആണ് കളിയിലെ താരം. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 20 ഓവറിൽ 203/8. ഗുജറാത്ത് ടൈറ്റൻസ്: 19.2 ഓവറിൽ 204/3.
ഓൾറൗണ്ട് ബാറ്റിംഗ്:
ആദ്യം ബാറ്റു ചെയ്ത ഡൽഹി നിരയിൽ ഒരു അർധസെഞ്ചുറി പോലും പിറന്നില്ലെങ്കിലും സ്കോർ 200 കടത്താനായി. ടോപ്പ് ഓർഡറും മധ്യനിരയും വെടിക്കെട്ട് ബാറ്റിംഗിന് തിരികൊളുത്തി മിന്നിമറഞ്ഞു.
ഓപ്പണർ അഭിഷേക് പോറൽ (ഒന്‍പത് പന്തിൽ 18 റണ്‍സ്), കരുണ്‍ നായർ (18 പന്തിൽ 31 റണ്‍സ്) തകർപ്പൻ തുടക്കം നൽകി. പിനാലെ എത്തിയ കെ.എൽ. രാഹുൽ (14 പന്തിൽ 28), അക്സർ പട്ടേൽ (32 പന്തിൽ 39), ട്രിസ്റ്റൻ സ്റ്റബ്സ് (21 പന്തിൽ 31), അഷുതോഷ് ശർമ (19 പന്തിൽ 37 റണ്‍സ്) എന്നിവർ തകർപ്പനടികളുമായി സ്കോർ 203ൽ എത്തിച്ചു. ഗുജറാത്തിനുവേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ, ഇഷാന്ത് ശർമ, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഒറ്റയാൾ പോരാട്ടം:
മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. സ്കോർ 14ൽ നിൽക്കേ ഏഴ് റണ്‍സുമായി ഗില്ലിനെ കുൽദീപ് യാദവ് സ്റ്റബ്സിന്റെ കൈളിലെത്തിച്ചു. എന്നാൽ സായ് സുദർശനൊപ്പം (21 പന്തിൽ 36 റണ്‍സ്) രണ്ടാം വിക്കറ്റിൽ ജോസ് ബട്ലർ എത്തിയതോടെ ഡൽഹി കളി കൈവിട്ടു. തകർപ്പനടിയുമായി ബട്ലർ (54 പന്തിൽ 97* റണ്‍സ്, 11 ഫോറും നാല് സിക്സും) പോരാട്ടം ഏറ്റെടുത്തതോടെ ഗുജറാത്ത് ജയമുറപ്പിച്ചു.