ടെസ്ലയെ പിന്നിലാക്കി ബിവൈഡി
Wednesday, March 26, 2025 12:59 AM IST
ബാങ്കോക്ക്: ചൈനയിലെ മുൻനിര ഇലക്ട്രിക് വാഹന (ഇവി), ഹൈബ്രിഡ് കാർ നിർമാതാക്കളായ ബിവൈഡി കന്പനി, വരുമാനത്തിൽ ടെസ്ല ഇൻകോർപറേറ്റഡിനെ ഒൗദ്യോഗികമായി മറികടന്നു.
2024 ലെ വരുമാനം 777 ബില്യണ്‍ യുവാൻ (107 ബില്യണ്‍ ഡോളർ) റിപ്പോർട്ട് ചെയ്തു. ഇത് 2023നേക്കാൾ 29 ശതമാനം വർധനവാണ്. ഇതേ കാലയളവിൽ ടെസ്ലയുടെ വരുമാനം 97.7 ബില്യണ്‍ ഡോളറായിരുന്നു.
കഴിഞ്ഞ വർഷം ബിവൈഡിയുടെ അറ്റാദായം ഏകദേശം 40 ബില്യണ്‍ യുവാൻ (5.6 ബില്യണ്‍ ഡോളർ) ആയിരുന്നു. മുൻ വർഷത്തേക്കാൾ 34 ശതമാനം വർധന.
സവിശേഷതകളാൽ സന്പന്നമായ, ഹൈടെക് വാഹനങ്ങൾക്കായുള്ള താത്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആഗോള ഇവി വിപണിയിൽ ബിവൈഡിയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുതിപ്പ് എടുത്തുകാണിക്കുന്നു. ബാറ്ററി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന 40 ശതമാനം വർധിച്ചു.
ടെസ്ലയുടെ മോഡൽ 3 ന് സമാനവും അതിന്റെ വിലയുടെ പകുതിയേക്കാൾ അല്പം മുകളിലുമുള്ള ഒരു ഇടത്തരം മോഡലായ ക്വിൻ എൽ ഇവി സെഡാൻ ഈ ആഴ്ച ആദ്യം ബിവൈഡി പുറത്തിറക്കി.
ഒരു സൂപ്പർ ഫാസ്റ്റ് ഇവി ചാർജിംഗ് സംവിധാനം പുറത്തിറക്കുന്നതായി കഴിഞ്ഞ ആഴ്ച കന്പനി പ്രഖ്യാപിച്ചു.
ബിവൈഡിയുടെ ഹോങ്കോങ്ങിൽ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികൾ മികച്ച വരുമാന റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ഇന്നലെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ ബിവൈഡിയുടെ വിൽപ്പനയുടെ സിംഹഭാഗവും, ഏകദേശം 80 ശതമാനവും ഓട്ടോമോട്ടീവ് ബിസിനസുകളുമായി ബന്ധപ്പെട്ടതായിരുന്നു.
കഴിഞ്ഞ വർഷം ഏകദേശം 4.3 മില്യണ്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വിറ്റഴിച്ചതായി ബിവൈഡി റിപ്പോർട്ട് ചെയ്തു. കന്പനിക്ക് കഴിഞ്ഞ വർഷം ഗ്രേറ്റർ ചൈനയ്ക്കു പുറത്തുള്ള വിപണികളിലുണ്ടായ വിൽപ്പനയിൽ 29 ശതമാനത്തിന്റെ വർധനവുണ്ടായി. ഒരു വർഷം മുന്‍പ് ഹോങ്കോംഗ്, തായ്വാൻ എന്നിവയുൾപ്പെടെയുള്ള വിപണികളിൽ 27 ശതമാനമായിരുന്നു.
ബിവൈഡി തങ്ങളുടെ കയറ്റുമതി അതിവേഗം വികസിപ്പിക്കുകയാണ്. എന്നാൽ, യുഎസിൽ വിൽക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാർ ഇറക്കുമതിക്ക് തീരുവ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലേക്ക് 17 ശതമാനം തീരുവയാണ് ബിവൈഡി ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിക്ക് നേരിടുന്നത്.