കാപ്പിത്തോട്ടങ്ങളിൽ ആനന്ദം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Sunday, December 22, 2024 11:57 PM IST
ആഗോള കൊക്കോ ഉത്പാദകരെ മോഹിപ്പിച്ച് ഉത്പന്നം സർവകാല റിക്കാർഡിൽ, ഇന്ത്യൻ ചോക്ലേറ്റ് വ്യവസായികൾ വിപണിയുടെ ചലനങ്ങൾ വിലയിരുത്തുന്നു. കൊപ്രയുടെ താങ്ങുവില ഉയർത്തിയത് അടുത്ത സീസണിലെ മുന്നേറ്റ സാധ്യതകൾക്ക് കരുത്തു പകരും. ജപ്പാനിൽ റബർ നേരിയ റേഞ്ചിൽ നീങ്ങി. കുരുമുളക് വാങ്ങൽ താത്പര്യം കുറഞ്ഞത് വിലയെ തളർത്തി.
കൊക്കോ ഉത്പാദകർക്ക് ആവേശം പകർന്ന് രാജ്യാന്തര വിപണിയിൽ ഉത്പന്ന വില കുതിച്ചുകയറി. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ കൊക്കോ ഏപ്രിയിൽ രേഖപ്പെടുത്തിയ 12,256 ഡോളറിലെ റിക്കാർഡ് തകർത്ത് 12,973 ഡോളറിലേക്കു കയറി. ആഗോളതലത്തിൽ കൊക്കോ ലഭ്യത ചുരുങ്ങുമെന്ന വിലയിരുത്തലാണ് റിക്കാർഡ് പ്രകടനത്തിന് വഴിതെളിച്ചത്.
പുതിയ സാഹചര്യത്തിൽ കേരളത്തിലെ കർഷകർക്ക് അടുത്ത വിള ഉയർന്ന വിലയ്ക്ക് വിപണിയിലിറക്കാനാകും. അതേസമയം, വിദേശത്തുനിന്നുള്ള തകർപ്പൻ വാർത്തകൾ പുറത്തുവന്നിട്ടും ഒന്നും കണ്ടില്ല കേട്ടില്ലെന്ന ഭാവത്തിലാണ് ആഭ്യന്തര ചോക്ലേറ്റ് വ്യവസായികൾ.
വിളവ് ചുരുങ്ങും
പശ്ചിമ ആഫ്രിക്കയിൽ അടുത്ത സീസണിൽ വിളവ് ചുരുങ്ങുമെന്നാണ് വിലയിരുത്തുന്നത്. ഐവറി കോസ്റ്റിലും ഘാനയിലും വിളവു കുറയുമെന്ന് മനസിലാക്കി ഫണ്ടുകൾ രണ്ടും കൽപ്പിച്ച് ലണ്ടൻ, ന്യൂയോർക്ക് എക്സ്ചേഞ്ചുകളിൽ കനത്ത വാങ്ങലുകൾക്ക് മത്സരിച്ചു.
കഴിഞ്ഞ ഡിസംബറിൽ ചരക്ക് ക്ഷാമത്തിൽ കൊക്കോ വില ടണ്ണിന് 4000 ഡോളറിൽനിന്നും 12,000ന് മുകളിലേക്കു കുതിച്ചു. അടുത്ത സീസണിൽ അത്തരം ഒരു ബുൾ റാലി വിപണി ആവർത്തിക്കുമെന്ന സൂചനയാണുള്ളത്. ചോക്ലേറ്റ് വ്യവസായികൾക്ക് ഒഴിച്ചുകൂടാനാവാത്ത അസംസ്കൃത വസ്തുവാണ് കൊക്കോ. സീസൺ ആരംഭത്തിന് മുന്നേ നിരക്ക് ഇത്ര ശക്തമായ കുതിപ്പ് കാഴ്ചവച്ചത് കണക്കിലെടുത്താൽ വൈകാതെ മാർച്ച്-ഏപ്രിലിൽ 15,000-17,000 ഡോളറിനെ വിപണി ഉറ്റുനോക്കിയാൽ അത്ഭുതപ്പെടാനില്ല.
ഒക്ടോബർ-ഡിസംബർ ആദ്യ പകുതിയിൽ ഘാനയിൽനിന്നും ഐവറികോസ്റ്റിൽനിന്നുമുള്ള കയറ്റുമതി 15 മുതൽ 35 ശതമാനം വരെ വർധന തൊട്ട് മുൻവർഷത്തെ അപേക്ഷിച്ച് കാണിച്ചു. ഉയർന്ന അളവിൽ ചരക്ക് കയറ്റുമതി നടത്തിയതിനാൽ ഇരുരാജ്യങ്ങളുടെയും കരുതൽ ശേഖരം ചുരുങ്ങിയത് വരും മാസങ്ങളിൽ വിലക്കയറ്റ സാധ്യത ഇരട്ടിപ്പിക്കാം. കേരളത്തിൽ കൊക്കോ കിലോ 750 രൂപയാണ്, കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ വില 400 രൂപ മാത്രം. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 900- 950 രൂപയിലേക്ക് ഉയരാമെങ്കിലും വ്യവസായികൾ നേരിട്ട് ചരക്ക് സംഭരിക്കാതെ രംഗത്ത് ഒളിച്ചുകളിക്കുന്നതുതന്നെ വിലക്കയറ്റ ഭീതിമൂലമാണ്.
കൊപ്ര സേഫ്
വെളിച്ചെണ്ണ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ, പ്രദേശിക വിപണികളിൽ ക്രിസ്മസ് ഡിമാൻഡ്. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 21,500 രൂപയായും കൊപ്ര 14,100 രൂപയായും കയറി. തമിഴ്നാട് ലോബി സ്റ്റോക്കുള്ള വെളിച്ചെണ്ണ, വില ഉയർത്തി വിറ്റഴിക്കാൻ ഉത്സാഹിച്ചിരുന്നെങ്കിലും കൂടിയ വിലയ്ക്ക് കൊപ്ര വാങ്ങാൽ താത്പര്യം കാണിച്ചില്ല.
ഇതിനിടയിൽ അടുത്ത സീസണിലെ കൊപ്രയുടെ താങ്ങുവില നിലവിലെ 11,160 രൂപയിൽനിന്നും 422 രൂപ ഉയർത്തി 11,582 രൂപയാക്കി. അതേസമയം, വിപണിവില 14,100 രൂപയിൽ നീങ്ങുമ്പോൾ പുതുക്കിയ താങ്ങ് 1500 രൂപ കുറവാണെങ്കിലും വിളവെടുപ്പ് വേളയിൽ ഈ താങ്ങ് വിപണിക്ക് ശക്തിപകരാം. ഒരു ഇടിവ് സംഭവിച്ചാൽ സംഭരണ നീക്കങ്ങൾക്ക് സർക്കാർ ഏജൻസികൾ ഉണർന്ന് പ്രവർത്തിക്കണമെന്നു മാത്രം. ജനുവരിയിൽ കേരളത്തിൽ നാളികേര വിളവെടുപ്പിനു തുടക്കംകുറിക്കും.
റബർ നഷ്ടത്തിൽ
രാജ്യാന്തര വിപണിയിൽ റബർ നേരിയ റേഞ്ചിൽ നീങ്ങിയിട്ടും പ്രതിവാര നഷ്ടത്തിൽ. ഡോളർ കരുത്ത് നേടിയതോടെ യെന്നിന്റെ മൂല്യം 153ൽനിന്നും 157.89ലേക്ക് ഇടിഞ്ഞു. എന്നാൽ, ഒസാക്ക എക്സ്ചേഞ്ചിൽ റബർ ഏപ്രിൽ അവധി 362-373 യെന്നിൽ ചാഞ്ചാടി. മുൻവാരം സൂചന നൽകിയതാണ് റബർ 356-378 യെന്നിൽ നീങ്ങുമെന്ന കാര്യം. വാരാവസാനം യെന്നിന്റെ തളർച്ച കണ്ട് ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനു നീക്കം നടത്തിയിട്ടും റബറിന് കരുത്ത് നേടാനായില്ല, എന്നാൽ വിപണി സാങ്കേതികമായി ബുള്ളിഷാണ്.
ചൈനീസ് ഓട്ടോ മേഖലയിൽ റബറിന് ആവശ്യം കുറഞ്ഞത് ബാങ്കോക്കിൽ ഷീറ്റ് വിലയെ ബാധിച്ചു. അമേരിക്ക പലിശ നിരക്ക് കുറച്ചത് ഡോളറിനെ ശക്തമാക്കിയത് യെന്നിനും യുവാനും തിരിച്ചടിയായി. തായ്ലൻഡ് റബർ വില കിലോ 210 രൂപയിൽനിന്നും വാരാവസാനം 201 രൂപയായി.
ഈ വാരം 200 രൂപയിലെ നിർണായക താങ്ങ് നിലനിർത്തിയാൽ 210-214 രൂപയിലേക്ക് ജനുവരിയിൽ തിരിച്ചുവരവ് നടത്താം. മികച്ച കാലാവസ്ഥ അവസരമാക്കി ഉത്പാദകർ പുലർച്ചെ റബർ വെട്ടിന് ഉത്സാഹിച്ചു. ക്രിസ്മസ് വേളയായിട്ടും ചരക്ക് വിൽപ്പനയ്ക്ക് ഉത്പാദകർ തയാറായില്ല, നാലാം ഗ്രേഡ് കിലോ 189 രൂപയിലും ലാറ്റെക്സ് 116 രൂപയിലുമാണ്.
വിലയിടിക്കാൻ ശ്രമം
അന്തർസംസ്ഥാന ഇടപാടുകാർ വില ഇടിച്ച് കുരുമുളക് സംഭരണത്തിനുള്ള ശ്രമത്തിലാണ്. ഉത്പാദന കേന്ദ്രങ്ങളിൽനിന്നും കുറഞ്ഞ അളവിലാണ് പലദിവസങ്ങളിലും മുളക് വില്പനയ്ക്കിറങ്ങിയത്. ഇതിനിടയിൽ വിളവെടുപ്പിന് കാലതാമസം നേരിടുമെന്ന സൂചനകൾ മുൻനിർത്തി കർഷകരും മധ്യവർത്തികളും വില്പന നിയന്ത്രിച്ചു.
അന്താരാഷ്ട്ര മാർക്കറ്റിലും താഴ്ന്നവിലയ്ക്ക് ചരക്ക് കൈമാറാൻ മറ്റ് ഉത്പാദക രാജ്യങ്ങൾ തയാറായില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ന്യൂ ഇയറിനുള്ള സംഭരണം നേരത്തേ പൂർത്തിയാക്കി. ഈസ്റ്റർ വരെയുള്ള കരാറുകൾക്കും പല രാജ്യങ്ങളും നീക്കം നടത്തുന്നുണ്ട്. ചൈനീസ് ലൂണാർ ന്യൂ ഇയർ മുന്നിൽകണ്ട് ബീജിംഗ് ആസ്ഥാനമായുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്കാർ കുരുമുളകിന് അന്വേണങ്ങൾ ഊർജിതമാക്കി. രാജ്യാന്തര വിപണിയിൽ ഇതര ഉത്പാദക രാജ്യങ്ങൾ എല്ലാം ടണ്ണിന് 200 ഡോളർ വരെ വില ഉയർത്തി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 65,600 രൂപ.
ആഭരണ വിപണിയിൽ പവന്റെ വില താഴ്ന്നു. 57,120 രൂപയിൽ വിപണനം നടന്ന പവൻ 56,320ലേക്ക് ഇടിഞ്ഞശേഷം ശനിയാഴ്ച 56,800 രൂപയിലാണ്.