നാവിക വെടിനിർത്തലിനു സമ്മതിച്ച് റഷ്യയും യുക്രെയ്നും
Thursday, March 27, 2025 12:53 AM IST
റിയാദ്: കരിങ്കടലിൽ യുദ്ധം നിർത്തിവയ്ക്കാൻ റഷ്യയും യുക്രെയ്നും സമ്മതിച്ചു. സൗദിയിൽ അമേരിക്ക ഇവരുമായി വെവ്വേറെ നടത്തിയ ചർച്ചയിലാണു ധാരണയുണ്ടായത്. ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ മുന്പുണ്ടാക്കിയ ധാരണ നടപ്പാക്കാൻ തയാറാണെന്നും റഷ്യയും യുക്രെയ്നും അറിയിച്ചു.
റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള ഭക്ഷ്യോത്പന്ന കയറ്റുമതി സുഗമമാക്കാൻ വേണ്ടിയാണു കരിങ്കടലിൽ നാവിക വെടിനിർത്തലുണ്ടാക്കുന്നത്. ഇരു രാജ്യങ്ങളും വൻ തോതിൽ ധാന്യകയറ്റുമതി നടത്തുന്നവരാണ്. ചരക്കുകപ്പലുകളെ ആക്രമിക്കാതിരിക്കാൻ 2022 മധ്യത്തിൽ തുർക്കിയുടെ മധ്യസ്ഥതയിൽ കരാറുണ്ടായിരുന്നതാണെങ്കിലും റഷ്യ പിന്നീട് ഇതിൽനിന്നു പിന്മാറുകയായിരുന്നു.
അമേരിക്കയാണു നാവിക വെടിനിർത്തൽ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. എന്നു നിലവിൽ വരുമെന്നു വ്യക്തമാക്കിയില്ല. തങ്ങളുടെ ഭക്ഷ്യ, രാസവളം വ്യവസായമേഖലയ്ക്കെതിരേ പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിച്ചാതെ വെടിനിർത്തൽ നടപ്പാക്കാൻ തയാറാകൂ എന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണനയിലുള്ളതായി യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു.
നാവിക വെടിനിർത്തൽ നടപ്പാകുമോ എന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സംശയം പ്രകടിപ്പിച്ചെങ്കിലും ഇതു ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്ന് അഭിപ്രായപ്പെട്ടു.