മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഗാഹ് ഗ്രാമം തേങ്ങുന്നു
Saturday, December 28, 2024 2:55 AM IST
ഗാഹ് (പാക്കിസ്ഥാൻ): മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ദുഃഖിതരായി പാക്കിസ്ഥാനിലെ ജന്മഗ്രാമമായ ഗാഹ് നിവാസികൾ. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ വേർപാടുപോലെ തോന്നുന്നുവെന്ന് ഗാഹ് നിവാസിയായ അൽതാഫ് ഹുസൈൻ പറഞ്ഞു.
മൻമോഹൻ സിംഗ് പഠിച്ച അതേ സ്കൂളിലെ അധ്യാപകനാണ് ഹുസൈൻ. ""മൻമോഹന്റെ പിതാവ് ഗുർമുഖ് സിംഗ് വസ്ത്രവ്യാപാരിയും അമ്മ അമൃത് കൗർ വീട്ടമ്മയുമായിരുന്നു. മോഹ്ന എന്നാണ് മൻമോഹനെ കൂട്ടുകാർ വിളിച്ചിരുന്നത്’’-ഹുസൈൻ പറഞ്ഞു.
""മൻമോഹന്റെ നിര്യാണത്തിൽ എല്ലാ ഗ്രാമവാസികളും കടുത്ത ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അതു നടക്കില്ലെന്ന് ഞങ്ങൾക്കറിയാം. അതിനാലാണ് അനുശോചനയോഗം ചേർന്നത്’’-രാജാ ആഷിഖ് അലി പറഞ്ഞു. 2008ൽ മൻമോഹനെ ഇന്ത്യയിലെത്തി സന്ദർശിച്ച സഹപാഠി രാജാ മുഹമ്മദ് അലിയുടെ മരുമകനാണ് ആഷിഖ് അലി.
പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഗാഹ് ഗ്രാമം. മൻമോഹൻ ജനിച്ച സമയത്ത് ഝലം ജില്ലയിലായിരുന്ന ഗാഹ് 1986 മുതൽ ചക്വാൾ ജില്ലയിലാണ്. മൻമോഹന്റെ സഹപാഠികളായിരുന്ന മിക്കവരും മരിച്ചു. അവരുടെ കുടുംബാംഗങ്ങൾ ഗാഹിൽ വസിക്കുന്നുണ്ട്.
മൻമോഹൻ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിൽ 187 ആയിരുന്നു അഡ്മിഷൻ നന്പർ. 1937 ഏപ്രിൽ 17 ആണ് അഡ്മിഷൻ തീയതി. 1932 ഫെബ്രവരി നാല് എന്നാണ് ജന്മദിനം രേഖപ്പെടുത്തിയിരിക്കുന്നത്.
കോഹ്ലി ജാതിയിൽപ്പെട്ടയാളെന്നും രേഖപ്പെടുത്തിയിരിക്കുന്നു. നാലാം ക്ലാസിനുശേഷം മൻമോഹൻ ചക്വാളിലാണു പഠിച്ചത്. ഇന്ത്യ-പാക് വിഭജനത്തെത്തുടർന്ന് കുടുംബം അമൃത്സറിലെത്തി.