ദക്ഷിണകൊറിയൻ പ്രതിപക്ഷം ആക്ടിംഗ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു
Saturday, December 28, 2024 1:08 AM IST
സീയൂൾ: ദക്ഷിണകൊറിയയിലെ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡുക് സൂവിനെയും പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഇംപീച്ച് ചെയ്തു.
മുന്നൂറംഗ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയത്തെ 192 പേർ പിന്തുണച്ചു. പ്രമേയം പാസാകാൻ കേവല ഭൂരിപക്ഷം മതിയെന്നു സ്പീക്കർ വിധിച്ചിരുന്നു. ധനമന്ത്രി ചോയി സാംഗ് മോക് ആണ് ഇനി ആക്ടിംഗ് പ്രസിഡന്റ്.
പട്ടാളനിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൺ സുക് യോൾ രണ്ടാഴ്ച മുന്പ് ഇംപീച്ച് ചെയ്യപ്പെട്ടതിനെത്തുടർന്നാണു പ്രധാനമന്ത്രിയായ ഹാനിന് ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല ലഭിച്ചത്. ഭരണഘടനാ കോടതിയിലെ മൂന്ന് ഒഴിവിലേക്കു പാർലമെന്റ് നിർദേശിച്ച ജഡ്ജിമാരെ നിയമിക്കാൻ തയാറാകാതിരുന്നതാണ് ഹാനിനെയും ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.
ഇംപീച്ച്മെന്റ് വോട്ടെടുപ്പിനിടെ ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടി (പിപിപി) അംഗങ്ങൾ പ്രതിഷേധമുയർത്തിയത് പാർലമെന്റിൽ സംഘർഷത്തിനിടയാക്കി.
പാർലമെന്റിന്റെ തീരുമാനം അംഗീകരിക്കുന്നതായി ഹാൻ അറിയിച്ചു. ഇംപീച്ച്മെന്റിനെതിരേ പിപിപി ഭരണഘടനാ കോടതിയിൽ പരാതി നല്കി.
ഇതിനിടെ, പ്രസിഡന്റ് യൂണിനെ ഇംപീച്ച് ചെയ്തതുമായി ബന്ധപ്പെട്ട് ഭരണഘടനാ കോടതിയിലെ ആദ്യവിചാരണ ഇന്നലെ നടന്നു. യൂൺ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണ്.
വിചാരണ നീട്ടിവയ്ക്കണമെന്ന് യൂണിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. അടുത്ത വിചാരണ ജനുവരി മൂന്നിനു നടക്കും.