റഷ്യ ഐസിബിഎം പ്രയോഗിച്ചെന്ന് യുക്രെയ്ൻ
Friday, November 22, 2024 12:29 AM IST
കീവ്: യുക്രെയ്നു നേരേ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പ്രയോഗിച്ചതായി റിപ്പോർട്ട്. യുക്രെയ്നാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം മിസൈൽ ആക്രമണത്തിന് ഉപയോഗിക്കുന്നത്.
അതേസമയം, റഷ്യ പ്രയോഗിച്ചത് ബാലിസ്റ്റിക് മിസൈൽ ആണെങ്കിലും ഐസിബിഎം അല്ലെന്ന് പേരു വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വ്യാഴാഴ്ച കിഴക്കൻ നഗരമായ നിപ്രോയ്ക്കു നേർക്കാണ് ഐസിബിഎം ആക്രമണം ഉണ്ടായതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. നഗരത്തിലെ വ്യവസായകേന്ദ്രത്തിൽ വലിയ തീപിടിത്തമുണ്ടായി.
യുക്രെയ്ൻ സേന യുഎസ്, ബ്രിട്ടീഷ് നിർമിത മിസൈലുകൾ റഷ്യൻ ഭൂമിയിൽ പ്രയോഗിച്ചതിനു പിന്നാലെയായിരുന്നു നിപ്രോയിലെ ആക്രമണം.
വിദൂരപ്രദേശങ്ങളിൽ അണ്വായുധം പ്രയോഗിക്കാൻ രൂപകല്പന ചെയ്തിട്ടുള്ള ഐസിബിഎം ഇതിനു മുന്പ് ലോകത്തിലെ ഒരു സേനയും പ്രയോഗിച്ചിട്ടില്ല. അതേസമയം, റഷ്യൻ സേന നിപ്രോയിലെ ആക്രമണത്തിന് ആണവ പോർമുന ഉപയോഗിച്ചിട്ടില്ല.
2012ൽ റഷ്യ വിജയകരമായി പരീക്ഷിച്ച ആർഎസ്-26 റുബേഷ് ഐസിബിഎം ആണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 12 മീറ്റർ നീളവും 36 ടൺ ഭാരവുമുള്ള കൂറ്റൻ മിസൈലിന് 5,800 കിലോമീറ്റർ ദൂരെ ആക്രമണം നടത്താനാകും.
ഹൈപ്പർസോണിക്, ക്രൂസ് മിസൈലുകളും റഷ്യ വ്യാഴാഴ്ച യുക്രെയ്നു നേർക്കു പ്രയോഗിച്ചു. ഇതെല്ലാം വെടിവച്ചിടാൻ കഴിഞ്ഞുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
മുൻ ദിവസങ്ങളിൽ യുക്രെയ്ൻ സേന യുഎസ് നിർമിത അറ്റാകാംസ്, ബ്രിട്ടീഷ് നിർമിത സ്റ്റോംഷാഡോ മിസൈലുകൾ റഷ്യക്കു നേരേ പ്രയോഗിച്ചിരുന്നു. ഇവയെല്ലാം വെടിവച്ചിട്ടുവെന്നു റഷ്യയും അവകാശപ്പെടുന്നു.
ഇതിനിടെ, റഷ്യൻ വ്യോമാക്രമണ ഭീഷണിയെത്തുടർന്നു പൂട്ടിയ കീവിലെ അമേരിക്കൻ എംബസി ഇന്നലെ തുറന്നു.