ആയിരം ദിവസം പിന്നിട്ട് യുദ്ധം; റഷ്യക്കു നേരെ യുഎസ് മിസൈൽ
Wednesday, November 20, 2024 12:53 AM IST
കീവ്: അധിനിവേശം ആയിരം ദിവസം പിന്നിട്ട ഇന്നലെ യുക്രെയ്ൻ സേന അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ റഷ്യക്കു നേരേ പ്രയോഗിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതി ലഭിച്ചതിനു പിറ്റേന്നാണ് റഷ്യയിലെ ബ്രയാൻസ്കിലേക്ക് മിസൈലുകൾ തൊടുത്തത്. റഷ്യയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കൻ നിർമിത അറ്റാകാംസ് മിസൈലുകൾ ഇന്നലെ രാവിലെയാണ് തൊടുത്തതെന്നും അഞ്ചെണ്ണം വെടിവച്ചിട്ടുവെന്നും തകരാറിലായ ഒരു മിസൈൽ, സൈനിക താവളത്തിൽ വീണു തീപിടിത്തമുണ്ടായെന്നും റഷ്യ അറിയിച്ചു.
റഷ്യൻ അധിനിവേശത്തിന് അടിയറവു പറയില്ലെന്ന്, യുദ്ധം ആയിരം ദിവസം പിന്നിട്ടതിനോടനുബന്ധിച്ച് യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന റഷ്യൻ സേനയ്ക്കു ശിക്ഷ നല്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രി വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി മേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ശിശു അടക്കം എട്ടു പേർ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സ്കൂളിനോടു ചേർന്ന ഡോർമിറ്ററിയിലാണ് ആക്രമണമുണ്ടായതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
2022 ഫെബ്രുവരി 24നാണ് റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ വിജയിക്കാമെന്ന മോഹവുമായി ആരംഭിച്ച യുദ്ധം യുക്രെയ്ന്റെ ചെറുത്തുനിൽപ്പോടെ നീണ്ടു. യുഎസും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ ശക്തികൾ യുക്രെയ്നു ശക്തമായ സൈനിക, സാന്പത്തിക പിന്തുണ നല്കുന്നു.