ഗാസ റിപ്പോർട്ടിനെതിരേ ഇസ്രേലി സേന
Saturday, November 16, 2024 12:05 AM IST
ടെൽ അവീവ്: ഗാസാ നിവാസികളെ അഭയാർഥികളാക്കിയത് മനുഷ്യത്വത്തിന് എതിരായ കുറ്റമെന്നാരോപിക്കുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടനയുടെ റിപ്പോർട്ട് പക്ഷപാതപരവും വളച്ചൊടിച്ചതുമാണെന്ന് ഇസ്രേലി സേന.
ജനങ്ങളെ ആക്രമണങ്ങളിൽനിന്നൊഴിവാക്കാനായി ഇസ്രേലി സേന സ്വീകരിക്കുന്ന നടപടികളെ നിർബന്ധിത ഒഴിപ്പിച്ചുമാറ്റലെന്നു വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.
അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണ് ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നല്കുന്നത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ളവർ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഹമാസിന്റെ ഭീകരത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഗാസയിലെ ജനങ്ങൾക്കെതിരല്ലെന്നും ഇസ്രേലി സേന വ്യക്തമാക്കി.
154 പേജുള്ള റിപ്പോർട്ട് വ്യാഴാഴ്ചയാണ് ഹ്യൂമൻ റൈസ്റ്റ്സ് വാച്ച് പുറത്തുവിട്ടത്. 13 മാസത്തിലധികമായി നേരിടുന്ന ആക്രമണങ്ങളിൽ ഗാസയിലുണ്ടായ നാശവും അഭയാർഥി പ്രവാഹവും റിപ്പോർട്ടിൽ വിവരിക്കുന്നു. അഭിമുഖങ്ങൾക്കു പുറമേ ഉപഗ്രഹചിത്രങ്ങളും അടിസ്ഥാനമാക്കിയാണു റിപ്പോർട്ട് തയാറാക്കിയത്.