ശ്രീലങ്കയിൽ തെരഞ്ഞെടുപ്പ് സമാധാനപരം
Thursday, November 14, 2024 10:44 PM IST
കൊളംബോ: ശ്രീലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരം. അനധികൃത തെരഞ്ഞെടുപ്പു പ്രചാരണത്തിന് മൂന്നു പേർ അറസ്റ്റിലായതൊഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് പോലീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ പോലീസിലെയും പട്ടാളത്തിലെയും 90,000 ഭടന്മാരെ വിന്യസിച്ചിരുന്നു.
രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് നാലിന് അവസാനിച്ചു. ഫലം ഇന്നു വ്യക്തമാകും.
അതേസമയം പോളിംഗ് ശതമാനം കുറഞ്ഞുവെന്നാണു വിലയിരുത്തൽ. 65 ശതമാനത്തിനടുത്തു പേർ വോട്ട് ചെയ്തിരിക്കാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു. സെപ്റ്റംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 79 ശതമാനമായിരുന്നു പോളിംഗ്.
പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) പാർട്ടി പാർലമെന്റിൽ ഭൂരിപക്ഷം നേടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ എൻപിപിക്ക് മൂന്ന് എംപിമാരാണുള്ളത്. സുഗമമായ ഭരണനിർവഹണത്തിനു പാർട്ടി ഭൂരിപക്ഷം അത്യാവശ്യമായതിനാൽ ഒരു വർഷംകൂടി കാലാവധിയുള്ള പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിടുകയായിരുന്നു.