കെന്നഡി ജൂണിയർ യുഎസ് ആരോഗ്യ സെക്രട്ടറി
Saturday, November 16, 2024 12:05 AM IST
വാഷിംഗ്ടൺ ഡിസി: വാക്സിൻ വിരുദ്ധനായ റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ അമേരിക്കയുടെ അടുത്ത ആരോഗ്യ സെക്രട്ടറിയായി നിയമിക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഭക്ഷ്യസുരക്ഷ മുതൽ മരുന്നുഗവേഷണം വരെ അമേരിക്കൻ ജനതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും മേൽനോട്ടച്ചുമതലയാണ് കെന്നഡി ജൂണിയറിനു ലഭിക്കുന്നത്.
ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്ന അദ്ദേഹം സ്വതന്ത്രനായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിക്കുകയും പിന്നീട് പിൻവാങ്ങി റിപ്പബ്ലിക്കൻ നേതാവ് ട്രംപിനു പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.
വധിക്കപ്പെട്ട മുൻ യുഎസ് അറ്റോർണി ജനറൽ റോബർട്ട് എഫ്. കെന്നഡിയുടെ മകനാണ്. വധിക്കപ്പെട്ട യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡി പിതൃസഹോദരനാണ്.
പരിസ്ഥിതി അഭിഭാഷകനായിരുന്ന കെന്നഡി ജൂണിയർ, വാക്സിനുകളെക്കുറിച്ച് ശാസ്ത്രത്തിനു നിരക്കാത്ത വാദങ്ങൾ പ്രചരിപ്പിച്ചിടുണ്ട്. കുട്ടികൾക്കുള്ള വാക്സിനുകൾ ഓട്ടിസത്തിനു കാരണമാകും എന്ന പ്രസ്താവനയാണ് ഇതിലൊന്ന്.
കോവിഡ് വാക്സിനുകൾ ബിൽഗേറ്റ്സിനെ പോലുള്ളവർക്കു പണമുണ്ടാക്കാനുള്ള ഏർപ്പാടാണെന്നും പറഞ്ഞിട്ടുണ്ട്.
കെന്നഡി ജൂണിയറിനെ ആരോഗ്യ സെക്രട്ടിറിയാക്കുന്നതിനെ ഡെമോക്രാറ്റിക് പാർട്ടി വിമർശിച്ചു.