വായു മലിനീകരണം അസഹ്യം; പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ
Saturday, November 16, 2024 12:05 AM IST
കറാച്ചി: അന്തരീക്ഷമലിനീകരണം കുറയാത്ത സാഹചര്യത്തിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്കുകൂടി തുറക്കില്ലെന്ന് പ്രവിശ്യയിലെ സീനിയർ മന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു.
കെട്ടിടനിർമാണം അടക്കമുള്ള പ്രവർത്തനങ്ങൾക്കും നിരോധനമുണ്ട്. ശൈത്യകാലത്ത് അന്തരീക്ഷത്തിൽ പുകയും പൊടിയും തങ്ങിനിൽക്കുന്നതാണു വായുമലിനീകരണത്തിനു കാരണം.
ഇന്ത്യയിൽ കൃഷിയിടങ്ങൾ ഒരുക്കുന്നതിനു മുന്പായി തീയിടുന്നത് ഈ വർഷം അന്തരീക്ഷ മലിനീകരണം വർധിപ്പിച്ചതായി പാക്കിസ്ഥാൻ ആരോപിക്കുന്നു.
പാക് പഞ്ചാബ് പ്രവിശ്യയിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. സ്കൂളുകളും കോളജുകളും ഓൺലൈൻ അധ്യയനത്തിലേക്കു മാറി.
സ്ഥിതിഗതികൾ മെച്ചപ്പെടാത്ത സാഹചര്യത്തിൽ ഇത് ഒരാഴ്ചകൂടി നീട്ടാനാണ് ഇപ്പോഴത്തെ തീരുമാനം. വേണ്ടിവന്നാൽ മൂന്നു ദിവസത്തേക്കു ലോക് ഡൗൺ പ്രഖ്യാപിക്കാനും ആലോചനയുണ്ട്.
പ്രവിശ്യാ തലസ്ഥാനമായ ലാഹോറിലെ പാർക്കുകളടക്കം പൊതുസ്ഥലങ്ങൾ പൂട്ടിയിരിക്കുകയാണ്.