റഷ്യക്കെതിരേ ദീർഘദൂര ആക്രമണം നടത്താൻ യുക്രെയ്നെ അനുവദിച്ച് അമേരിക്ക
Tuesday, November 19, 2024 1:06 AM IST
വാഷിംഗ്ടൺ: അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്ന് അനുമതി നൽകി പ്രസിഡന്റ് ജോ ബൈഡൻ.
യുദ്ധം രൂക്ഷമാക്കാൻ റഷ്യ ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നുള്ള വിലക്ക് ജോ ബൈഡൻ സർക്കാർ നീക്കിയത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾ യുക്രെയ്ന് അനുകൂലമായിരിക്കില്ലെന്ന ആശങ്കയും നടപടിക്കു പിന്നിലുണ്ടെന്നാണ് കരുതുന്നത്.
ജനുവരി 20നു ചുമതലയേറ്റെടുക്കാനിരിക്കുന്ന ട്രംപ് യുക്രെയ്നുള്ള അമേരിക്കയുടെ സൈനിക പിന്തുണ തുടരുമോ എന്നതിൽ വ്യക്തതയില്ല. താൻ അധികാരത്തിലെത്തിയാൽ യുദ്ധം വേഗം അവസാനിപ്പിക്കുമെന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നു. യുക്രെയ്ൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയൻ സൈന്യത്തെ വടക്കൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.
റഷ്യക്കുള്ളിൽ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ അനുവദിക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയും പാശ്ചാത്യ രാജ്യങ്ങളും ബൈഡനുമേൽ സമ്മർദം ചലുത്തിവരികയായിരുന്നു.
ഊർജനിലയങ്ങൾക്കും നഗരങ്ങൾക്കും നേരേയുള്ള റഷ്യൻ ആക്രമണങ്ങളെ തടയാൻ അമേരിക്കയുടെ വിലക്കുമൂലം യുക്രെയ്നു സാധിക്കുന്നില്ലെന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്. മഞ്ഞുകാലം തുടങ്ങുന്നതിന് മുൻപ് യുക്രെയ്ന്റെ വൈദ്യുതോത്പാദന ശേഷി ഇല്ലാതാക്കാനുള്ള റഷ്യൻ നീക്കവും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
വരും ദിവസങ്ങളിൽത്തന്നെ യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആക്രമണം നടത്തുമെന്നാണു റിപ്പോർട്ട്. അതേസമയം, ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 306 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ളതാണ് യുഎസിന്റെ ദീർഘദൂര മിസൈലുകൾ.
സെലൻസ്കി ഞായറാഴ്ച നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. ആക്രമണം വാക്കുകൾ കൊണ്ടല്ലെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. അത്തരം കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. മിസൈലുകൾ സ്വയം സംസാരിക്കുമെന്നും വീഡിയോ സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്ന്റെ വടക്ക്, തെക്ക് മേഖലകളിൽ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു.
വടക്കൻ മേഖലയിലെ സുമി നഗരത്തിലെ ജനവാസമേഖലയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 11 പേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. നൂറോളം പേർക്കു പരിക്കേറ്റു.
തെക്കൻ യുക്രെയ്നിലെ ഒഡേസയിൽ രണ്ട് അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെ നേർക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു.