ഗാസയിലെ സഹായവിതരണം: ഇസ്രയേൽ നിയമം തെറ്റിച്ചിട്ടില്ലെന്ന് അമേരിക്ക
Thursday, November 14, 2024 12:59 AM IST
വാഷിംഗ്ടൺ ഡിസി: ഗാസയിൽ സഹായവിതരണം നിഷേധിക്കുന്നു എന്ന ആരോപണത്തിൽ ഇസ്രയേൽ അമേരിക്കൻ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
സഹായവിതരണം പുനഃസ്ഥാപിക്കുന്നതിന് ഇസ്രയേലിന് അമേരിക്ക നല്കിയ 30 ദിവസത്തെ കാലാവധി ചൊവ്വാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണു വക്താവ് ഇക്കാര്യം പറഞ്ഞത്. ഇല്ലെങ്കിൽ, ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്ക മുന്നറിയിപ്പു നല്കിയിരുന്നു.
വടക്കൻ ഗാസയിൽ സഹായവിതരണം ഉറപ്പാക്കാൻ ഇസ്രയേൽ നടപടികൾ എടുത്തതായി വേദാന്ത് പട്ടേൽ അറിയിച്ചു. എന്നാൽ, കൂടുതൽ നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വടക്കൻ ഗാസ വൈകാതെ ക്ഷാമത്തിന്റെ പിടിയിലാകുമെന്നു യുഎൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.