വൈറ്റ്ഹൗസിലെ മലയാളിത്തിളക്കം
Thursday, November 14, 2024 12:59 AM IST
കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി ലോകത്തിന്റെ ഭരണസിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന വൈറ്റ്ഹൗസിലെ സുപ്രധാന പദവിയിലെത്തുന്പോൾ മലയാളികൾക്ക് അഭിമാനിക്കാനേറെ.
അമേരിക്കൻ ഭരണകൂടത്തിന്റെ കാര്യശേഷി വർധിപ്പിക്കാനായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷെൻസി’ എന്ന പുതിയ വകുപ്പിനെ നയിക്കാൻ ലോകത്തിലെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്കിനൊപ്പമാണ് വിവേക് രാമസ്വാമി നിയമിക്കപ്പെട്ടിരിക്കുന്നത്.
ഉപദേശകതലത്തിലുള്ള ഈ വകുപ്പുകൊണ്ട് ചെലവുചുരുക്കൽ, ഉദ്യോഗസ്ഥതല ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളാണു ട്രംപ് ലക്ഷ്യമിടുന്നത്.
എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരിയിൽനിന്നു യുഎസിൽ കുടിയേറിയ എൻജിനി യർ ഗണപതി രാമസ്വാമിയുടെയും ഡോക്ടർ ഗീത രാമസ്വാമിയുടെയും മകനായി ഒഹായോയിലെ സിൻസിനാറ്റിയിൽ 1985 ഓഗസ്റ്റ് ഒന്പതിനാണു വിവേക് ജനിച്ചത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിവേക്, സിൻസിനാറ്റി ജെസ്വിറ്റ് ഹൈസ്കൂൾ, ഹാർവാഡ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. യേലിൽവച്ചാണ് ഭാവിവധുവും സർജനുമായ അപൂർവ തിവാരിയെ കണ്ടുമുട്ടുന്നത്.
2014ൽ സ്ഥാപിച്ച റോയിവന്റ് സയൻസസ് എന്ന ബയോടെക്നോളജി കന്പനി വിവേകിന് വലിയ സന്പത്ത് നേടിക്കൊടുത്തു. അമേരിക്കൻ രാഷ്ട്രീയത്തിൽ കോർപറേറ്റുകൾ ചെലുത്തുന്ന സ്വാധീനത്തെ എതിർത്തുകൊണ്ടാണ് വിവേക് 2020ൽ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്.
2023 ഫെബ്രുവരിയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡോണൾഡ് ട്രംപ്, ഇന്ത്യൻ വംശജ നിക്കി ഹേലി മുതലായ മുതിർന്ന നേതാക്കളാണു വിവേകിനൊപ്പം മത്സരരംഗത്തുണ്ടായിരുന്നത്.
ഗർഭഛിദ്രത്തെ എതിർത്ത വിവേക്, വോട്ടിംഗ് പ്രായം 25 ആയി ഉയർത്തണം, ജനനത്തിലൂടെ അമേരിക്കൻ പൗരത്വം ലഭിക്കുന്നതു നിർത്തണം തുടങ്ങിയ നിലപാടുകളാൽ വിവാദ നായകനുമായി. ഫെഡറൽ സർക്കാരിലെ 75 ശതമാനം ജീവനക്കാരെയും പുറത്താക്കും, ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ, അണുശക്തി റെഗുലേറ്ററി കമ്മീഷൻ, വിദ്യാഭ്യാസവകുപ്പ് എന്നിവ ഇല്ലാതാക്കും എന്നൊക്കെയായിരുന്നു വിവേകിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ.
തുടക്കത്തിലേ മെച്ചപ്പെട്ട പ്രകടനം മൂലം ട്രംപിനു പോന്ന എതിരാളിയാണ് വിവേക് എന്ന അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, ജനുവരിയിൽ അയോവ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ കോക്കസിൽ നാലാം സ്ഥാനത്തായതോടെ വിവേക് സ്ഥാനാർഥിമോഹം ഉപേക്ഷിച്ച് ട്രംപിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വിവേക് മിടുക്കനാണെന്നും അദ്ദേഹത്തിന് സുപ്രധാന പദവി നല്കുമെന്നും ട്രംപ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു.
2015ലായിരുന്നു വിവേകും അപൂർവയും തമ്മിലുള്ള വിവാഹം. രണ്ട് ആൺകുട്ടികളുണ്ട്. ശങ്കർ എന്നൊരു അനിയനും വിവേകിനുണ്ട്.