ട്രംപ് കാബിനറ്റിൽ മസ്കും വിവേക് രാമസ്വാമിയും
Thursday, November 14, 2024 1:56 AM IST
വാഷിംഗ്ടൺ: യുഎസിൽ ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ കാബിനറ്റിൽ മലയാളി ദന്പതികളുടെ മകൻ വിവേക് രാമസ്വാമിയും.
പുതുതായി രൂപീകരിച്ച ഗവൺമെന്റ് എഫിഷ്യൻസി(ഡോജ്) വകുപ്പിന്റെ ചുമതലയാണു വിവേക് രാമസ്വാമിക്കും ലോകത്തിലെ അതിസന്പന്നനും ടെസ്ല, സ്പേസ് എക്സ്, എക്സ് ( മുന്‍പ് ട്വിറ്റർ) തുടങ്ങിയവയുടെ ഉടമയുമായ ഇലോൺ മസ്കിനുമായി നൽകിയിരിക്കുന്നത്.
പാലക്കാട്ടുനിന്ന് കുടിയേറിയ ദന്പതികളുടെ മകനായി 1985 ഓഗസ്റ്റ് ഒമ്പതിന് ഓഹായോയിലെ സിന്‍സിനാറ്റിയിലാണ് വിവേകിന്റെ ജനനം. 1970കളിലാണ് അച്ഛൻ പാലക്കാട് വടക്കഞ്ചേരി സ്വദേശി വി. ഗണപതി രാമസ്വാമിയും തൃപ്പൂണിത്തുറ സ്വദേശി ഗീതയും യുഎസിലേക്ക് കുടിയേറിയത്.
കോഴിക്കോട് എന്‍ഐടിയില്‍നിന്ന് ബിരുദംനേടിയ ഗണപതി രാമസ്വാമി ജനറല്‍ ഇലക്ട്രിക്കലിലാണ് ജോലിചെയ്തിരുന്നത്. മൈസൂർ മെഡിക്കൽ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ ഗീത പ്രായമേറിയവരുടെ മാനസികാരോഗ്യ ചികിത്സകയാണ്.
2007ല്‍ ഹാര്‍വാര്‍ഡ് സർവകലാശാലയിൽനിന്നു ബിരുദംനേടിയ വിവേക് 2013ൽ യേല്‍ സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. തൊട്ടടുത്ത വർഷം ഫാർമസ്യൂട്ടിക്കൽ കന്പനിയായ റോവന്റ് സയന്‍സസ് സ്ഥാപിച്ചു. സ്കൂൾ പഠനകാലത്ത് ദേശീയ റാങ്കിംഗ് നേടിയ ടെന്നീസ് കളിക്കാരനായിരുന്നു.
പ്രഭാഷകൻ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്. സാങ്കേതിക സഹായം ആവശ്യമുള്ള ഫാർമസ്യൂട്ടിക്കൽ കന്പനികൾ ഏറ്റെടുത്തു നവീകരിക്കുന്ന ദൗത്യത്തിലൂടെയാണു വൻ സന്പത്തിന്റെ ഉടമയായത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ച അഞ്ച് എണ്ണം ഉൾപ്പെടെ വിവിധ മരുന്നുകൾ വിവേകിന്റെ കന്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രാഥമിക റൗണ്ടുകളിലുണ്ടായിരുന്ന വിവേക് തുടർന്ന് ട്രംപിനെ പിന്തുണച്ച് പിൻമാറുകയായിരുന്നു. തുടർന്ന് ട്രംപിന്റെ പ്രചാരണദൗത്യത്തിലും പങ്കാളിയായി. ഇതോടെ കാബിനറ്റിൽ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.
യുപി സ്വദേശിനി ഡോ. അപൂര്‍വ തിവാരിയാണ് വിവേകിന്റെ ഭാര്യ. കാര്‍ത്തിക്കും ഒന്നര വയസുകാരൻ അര്‍ജുനുമാണ് മക്കള്‍. വിവേകിന്റെ ഇളയ സഹോദരന് ശങ്കര്‍ രാമസ്വാമി കലിഫോര്‍ണിയയില്‍ ബിസിനസുകാരനാണ്.