ഇറാനിൽ ഹിജാബിനെതിരേ വിദ്യാർഥിനിയുടെ പ്രതിഷേധം
Monday, November 4, 2024 1:04 AM IST
ടെഹ്റാൻ: സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഹിജാബ് ഉൾപ്പെടെ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നതുൾപ്പെടെയുള്ള ഇറാനിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കെതിരേ വസ്ത്രമഴിച്ച് യുവതിയുടെ പ്രതിഷേധം.
ടെഹ്റാന് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സര്‍വകലാശാല കാമ്പസില്‍ ശനിയാഴ്ചയാണ് അധികൃതരെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത്. പൊതുസ്ഥലത്ത് ഉള്‍വസ്ത്രം മാത്രം ധരിച്ചു നിന്ന വിദ്യാര്‍ഥിനിയെ സർവകലാശാലയിലെ സുരക്ഷാജീവനക്കാർ തടഞ്ഞുവയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.
ഇവരുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം അഹു ദര്യായീ എന്നാണു വിദ്യാര്‍ഥിനിയുടെ പേര്. വിദ്യാര്‍ഥിനിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. അതിനാലാണ് പൊതുസ്ഥലത്ത് അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ടതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. അന്വേഷണത്തിനുശേഷം യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണു റിപ്പോർട്ട്.
എന്നാൽ, യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. നിർബന്ധിത ഹിജാബിനെതിരേയുള്ള പ്രതികരണമാണു യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു.
2022ല്‍ വസ്ത്രധാരണത്തിലെ മതകാര്ക്കശ്യത്തിനെതിരേ ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ ചട്ടം ലംഘിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദിഷ് വനിത മഹ്സ അമിനി കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദിവസങ്ങളോളം ഇറാനില്‍ ഇതുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടന്നു. ഇതിനെ പിന്നീട് ഇറാന് ഭരണകൂടം അടിച്ചമര്‍ത്തുകയായിരുന്നു.