ഒരു തെരഞ്ഞെടുപ്പിന് തന്ത്രമൊരുക്കാൻ നൂറു കോടി ഫീസെന്നു പ്രശാന്ത് കിഷോർ
Sunday, November 3, 2024 1:04 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ ഒരു തെരഞ്ഞെടുപ്പിന് തന്ത്രമൊരുക്കാനായി മാത്രം നൂറു കോടി രൂപ പ്രതിഫലമായി വാങ്ങുന്നുണ്ടെന്ന് വെളിപ്പെടുത്തി ജൻ സുരാജ് പാർട്ടി കണ്‍വീനർ പ്രശാന്ത് കിഷോർ.
ബിഹാർ ഉപതെരഞ്ഞെടുപ്പിനു മുന്‍പുള്ള പാർട്ടിയുടെ പ്രചാരണവേദിയിലാണ് പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ട് എന്റെ കൈവശമുണ്ടോയെന്നു പലരും സംശയിക്കാറുണ്ട്.
എന്നാൽ പാർട്ടികൾക്കും നേതാക്കൾക്കും ഒരു തെരഞ്ഞെടുപ്പിന് രാഷ്ട്രീയതന്ത്രങ്ങൾ ഉപദേശിക്കുന്നതു കൊണ്ട് മാത്രം നൂറു കോടി രൂപയിലധികം താൻ ഫീസായി വാങ്ങാറുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. നിലവിൽ പത്തിലധികം സംസ്ഥാനങ്ങളിലെ സർക്കാരുകൾ തന്റെ തന്ത്രങ്ങളിലാണു പ്രവർത്തിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
രാജ്യത്തെ പല പ്രമുഖ പാർട്ടികളുടെയും രാഷ്ട്രീയ തന്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുള്ള പ്രശാന്ത് കിഷോർ കഴിഞ്ഞ ഒക്ടോബറിലാണ് ജൻ സുരാജ് എന്ന പാർട്ടി പ്രഖ്യാപിച്ചത്.
ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലും പ്രശാന്തിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്. 2014ൽ പ്രഥമ മോദിസർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ പ്രശാന്തിന്റെ രാഷ്ട്രീയതന്ത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു.