കൊച്ചി: ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 14 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ ഹാപ്പിനെസ് സെന്ററുകള്‍ ആരംഭിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തിരുവാണിയൂര്‍, രാമമംഗലം, വാളകം, കവളങ്ങാട്, മുടക്കുഴ, മലയാറ്റൂര്‍, വെങ്ങോല, കുന്നുകര, എടവനക്കാട്, ചിറ്റാട്ടുകര, കുമ്പളങ്ങി, ആമ്പല്ലൂര്‍, ആലങ്ങാട്, മുളവുകാട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റ് 17 മുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പാക്കി സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങള്‍ എന്നീ മേഖലകളിലെ അപര്യാപ്തതകള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഹാപ്പിനസ് ഇന്‍ഡക്സില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകുമെന്ന് അധികൃതര്‍ പ്രതീക്ഷ വയ്ക്കുന്നു.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്എന്‍എച്ച്ഡബ്ല്യു (ഫുഡ്, ന്യുട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ 168 സിഡിഎസുകളിലാണ് സെന്ററുകള്‍ ആരംഭിക്കുക. പദ്ധതി വഴി കുടുംബങ്ങളുടെ ഹാപ്പിനെസ് ഇന്‍ഡക്സ് ഉയര്‍ത്താനാവശ്യമായ സൂക്ഷ്മതല പദ്ധതി തയാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.