വാഴക്കുളം : കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല (കെറ്റിയു) 2020-24 ബി. ടെക് അവസാനവർഷ പരീക്ഷയിൽ അഭിമാനകരമായ അക്കാദമിക് മികവുമായി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജ്.
സാങ്കേതിക സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഗവ. കോളജുകൾ അടക്കമുള്ള 128 എൻജിനീയറിംഗ് കോളജുകളിൽ വിശ്വജ്യോതി പതിനാലാമതും, സ്വയാശ്രയ കോളജുകളിൽ നാലാമതും, ക്രിസ്ത്യൻ കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള കോളജുകളിൽ രണ്ടാമതുമായി.
അക്കാദമിക് മികവ് പുലർത്തിയ വിശ്വജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരേയും കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ അനുമോദിച്ചു.
2001ൽ കോതമംഗലം രൂപതയുടെ കീഴിൽ ആരംഭിച്ച വിശ്വജ്യോതിയിൽ ബി.ടെക് കോഴ്സുകളായ സിവിൽ എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, നാല് വർഷ ഡിഗ്രി കോഴ്സായ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, എംബിഎ, എംടെക് ഉൾപ്പടെ നാല് പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സുകളുമാണ് ഇപ്പോഴുള്ളത്.
കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ എൻബിഎ അക്രെഡിറ്റേഷനും, നാക് "എ’ ഗ്രേഡും ലഭിച്ചിട്ടുണ്ട്.