റോ​ഡി​നു ന​ടു​വി​ൽ അ​പ​ക​ടക്കെ​ണി​യാ​യി കു​ഴി
Saturday, September 28, 2024 5:58 AM IST
മു​ട്ടം: ടൗ​ണി​ൽ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്തു​ള്ള കു​ഴി​യി​ൽ വീ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​ത്യസം​ഭ​വ​ങ്ങ​ളാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.
കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​വി​ടെ കു​ഴി രൂ​പ​പ്പെ​ട്ട​ത്. പൊ​ട്ടി​യ പൈ​പ്പി​ൽനി​ന്ന് അ​തിശ​ക്ത​മാ​യി​ട്ടാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​ത്.

ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും കു​ഴി കൂ​ടു​ത​ൽ വ​ലു​താ​കു​ക​യാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ പെ​ട്ടെന്ന് ബ്രേ​ക്ക് ചെ​യ്യു​ക​യോ വെ​ട്ടി​ച്ച് മാ​റ്റു​ക​യോ ചെ​യ്യു​ന്പോഴാ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ അ​നേ​കം വാ​ഹ​ന​ങ്ങ​ൾ നി​ത്യ​വും ക​ട​ന്നുപോ​കു​ന്ന തൊ​ടു​പു​ഴ - മു​ട്ടം റൂ​ട്ടി​ലാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യ കു​ഴി.


ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​ർ​ത്ത​ത്തി​ൽ ഇ​ഷ്ടി​ക നി​ര​ത്തി താ​ത്കാ​ലി​ക​മാ​യി അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ച്ചിരുന്നു. എന്നാൽ, ശാ​ശ്വ​ത​മാ​യ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.