നാദാപുരം: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി മാരാംവീട്ടിൽ മുഹമ്മദ് റാഷിദ് (28) നെയാണ് നാദാപുരം എസ്ഐ എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ കായപ്പനച്ചിയിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കെഎൽ 77 ബി 1974 നമ്പർ സ്കൂട്ടറിന്റെ ഡിക്കിയിലും പ്രതിയുടെ ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ മദ്യം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.