അതിരുവിട്ട ആഘോഷം: കോളജ് വിദ്യാർഥികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
1456659
Friday, September 27, 2024 4:56 AM IST
കോഴിക്കോട്: ഫാറൂഖ് കോളേജിലെ വിദ്യാർഥികൾ ഓണാഘോഷത്തിനിടെ നടത്തിയ അപകടകരമായ വാഹനയാത്രയുമായി ബന്ധപ്പെട്ടു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നിയമം ലംഘിച്ചു വാഹനം ഓടിച്ചതിന് എട്ടു വിദ്യാർഥികളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് വിലക്ക്. കസ്റ്റഡിയിൽ എടുത്ത എട്ടു വാഹനങ്ങൾ ഒരു മാസത്തിനകം ജില്ലാ കോടതിയിൽ ഹാജരാക്കാനും ആർടിഒ നിർദേശം നൽകി.
അപകടകരമായ യാത്രയ്ക്ക് ഉപയോഗിച്ച വാഹനങ്ങൾക്ക് ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ മുൻപു പിഴ ചുമത്തിയിരുന്നു. സെപ്റ്റംബർ 11 നായിരുന്നു സംഭവം. കോളജ് കാന്പസിനു പുറത്തു പൊതുനിരത്തിലൂടെയാണ് വിദ്യാർഥികൾ വാഹനം ഓടിച്ചത്. ഡോറിലും കാറിന്റെ മുകളിലുമായി ഇരുന്നാണ് വിദ്യാർഥികൾ യാത്ര ചെയ്തത്.
വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന രീതിയിൽ വിദ്യാർഥികൾ വാഹനമോടിച്ചതിന്റെ ദൃശ്യം നാട്ടുകാർ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് അധികൃതർ ഇടപെട്ടത്.