വൈബോടു വൈബ്... എല്ലാം ഒരോളത്തില്‍ അങ്ങനെ...
1493035
Monday, January 6, 2025 6:47 AM IST
തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്ക്കൂള് കലോത്സവത്തിനിടെ വന്നെത്തിയ അവധി ദിനമായ ഇന്നലെ വേദികളില്‍ തിരക്കേറി. ഇന്നലെ രാവിലെ മുതല്‍ വിവിധ വേദികളില്‍ മത്സരം കാണാന്‍ കുടുംബസമേതം ആളുകള്‍ ഇറങ്ങിയതോടെ നഗരം കലോത്സവത്തിന്റെ ഓളത്തിലായി.
ഉച്ച സമയത്ത് വെയില് കടുത്തതോടെ കാണികളില്‍ പലരും മടങ്ങി.എന്നാല്‍ വൈകുന്നേം നാലു മുതല്‍ പ്രധാന വേദിയടക്കമുള്ള വേദികളില്‍ തിരക്കേറി. മത്സരാര്ത്ഥിള്ക്കും ഒപ്പമുള്ളവര്‍ക്കും വേദികളിലേക്ക് ആവശ്യാനുസരണം എത്താന്‍ കെഎസ്ആര്‍ടിസിയുടെ 10 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തലങ്ങും വിലങ്ങും സര്‍വീസ് നടത്തി.
ഇത് കൂടാതെ വേദികളില്‍ ഓടിയെത്താന്‍ ഓട്ടോകളും സ്വകാര്യവാഹനങ്ങളെയും ആശ്രയിക്കുന്നവരുമുണ്ട്. എല്ലാത്തിനും പുറമേ സമയമില്ലാത്തതിനാല്‍ മത്സരാര്‍ഥികളുടെ കൈപിടിച്ച് അടുത്തുള്ള വേദികളിലേക്ക് ഓടുന്ന അധ്യാപകരും രക്ഷിതാക്കളും നഗരത്തിലെ കാഴ്ചയാണ്. വഴുതയ്ക്കാട് ടാഗോര്‍ തീയറ്ററില്‍ നാടക മത്സരം നിറഞ്ഞ സദസിലാണ് പൂര്്ത്തിയായത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒപ്പന, മോഹനിയാട്ടം മത്സരങ്ങള്‍ കാണാനും നിരവധി പേരെത്തി.
സംഗീതത്തിന്റെ വിസ്മയം തീര്‍ത്ത ലളിതഗാന മത്സരങ്ങളും നിറഞ്ഞ സദസിലാണ് തൈക്കാട് സംഗീതകോളജില്‍ അരങ്ങേറിയത്. വൈകിട്ട് ഇതേ വേദിയില്‍ നടന്ന സംഘഗാനത്തിനും ആസ്വാദകരുടെ നിറഞ്ഞ സദസായിരുന്നു. വിമന്‍സ് കോളജിലെ തിരുവാതിരകളിയും നാടോടി നൃത്തവും ആസ്വാദിക്കാനും കാണികളെത്തി. സെന്റ് ജോസഫ്സ് എച്ച്എസ്എസില്‍ നടന്ന കുച്ചുപ്പുടി,മാര്‍ഗംകളി മത്സരങ്ങള്‍ കലോത്സവത്തിന്റെ ആവേശം ഇരട്ടിയാക്കി.