തൊഴിലുറപ്പ് തൊഴിലാളികളെ തെരുവുനായ കടിച്ചു
1493025
Monday, January 6, 2025 6:34 AM IST
വെള്ളറട: മലയോര മേഖലയില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കാല്‍നടക്കാരെയും വളര്‍ത്തുജീവികളെയും ആക്രമിക്കുകയാണ്. കഴിഞ്ഞദിവസം പണികഴിഞ്ഞു മടങ്ങിയ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
കിളിയൂര്‍ പാട്ടംതലയ്ക്കല്‍ എള്ളുവിള വീട്ടില്‍ സലീമ(65), മാനൂര്‍ കിഴക്കുംകര വീട്ടില്‍ യേശുദാസ്(71) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വെള്ളറട പഞ്ചായത്തിലെ പാട്ടംതലയ്ക്കല്‍ വാര്‍ഡിലെ തൊഴിലുറപ്പ് പണി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
പിന്നീട് നാട്ടുകാരെത്തിയാണ് നായയെ വിരട്ടിയോടിച്ചത്. ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ചൂണ്ടിക്കലില്‍ അക്രമകാരികളായ നായകളുടെ കൂട്ടം ബൈക്ക് യാത്രികരെയും സൈക്കിള്‍ യാത്രികരെയും ഓടിക്കുന്നതും യാത്രക്കാർ നിയന്ത്രണം വിട്ട് വീണ് പരിക്കേല്‍ക്കുന്നതും സ്തിരം സംഭവമാണ്.
വനിതാ പോസ്റ്റ്മാനെ കഴിഞ്ഞ ദിവസം ചൂണ്ടിക്കലില്‍ നായകൂട്ടം ഓടിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് സ്കൂളിലേക്കുപോയ വിദ്യാര്‍ഥികളെയും തെരുവുനായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചു.
പിന്നീട് ഓടിയെത്തിയവര്‍ വിരട്ടിയോടിച്ചതിനാലാണ് കടിയേല്‍ക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടത്.