സംസ്ഥാന സ്കൂൾ കലോത്സവം : മത്സരാർഥികൾക്ക് യാത്രാ സൗകര്യമൊരുക്കാൻ ഓട്ടോറിക്ഷാ യൂണിയനുകൾ
1492624
Sunday, January 5, 2025 6:02 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തുന്ന മത്സരാർഥികളായ പ്രതിഭകൾക്കും രക്ഷകർത്താക്കൾക്കും കലോത്സവ വേദിയിലേക്ക് പോയി വരുന്നതിന് സൗകര്യമൊരുക്കാൻ ഓട്ടോറിക്ഷാ യൂണിയനകൾ. നഗരത്തിലെ എല്ലാ തൊഴിലാളി സംഘടനകളും സഹകരിക്കുന്നുണ്ടെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റും സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലാ ചെയർമാനുമായ വി. ആർ പ്രതാപൻ അറിയിച്ചു.
ഐഎൻടിയുസി അഭിമുഖ്യത്തിലുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ പങ്കാളിത്ത പരിപാടി അരിസ്റ്റോ ജംഗ്ഷനിലെ നെഹ്റു പ്രതിമയ്ക്ക് സമീപം വി.ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഓട്ടോറിക്ഷകൾ ഒരു കാരണവശാലും അമിത നിരക്കുകൾ ഈടാക്കില്ലെന്നും പരമാവധി ഓട്ടോറിക്ഷകൾ നിരക്കു കുറച്ചും സൗജന്യമായുംസവാരികൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
പുത്തൻപള്ളി നിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.എസ്. താജുദ്ദീൻ, തമ്പാനൂർ മധു, സുനിൽ കുമാർ, വഴിമുക്ക് സെയ്യദലി, എം.പി. മനോജ്, ദിലീപ് രാജകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.