ശ്രദ്ധേയമായി കാർമലിന്റെ രമണൻ
1493021
Monday, January 6, 2025 6:34 AM IST
റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കഥ പറച്ചിലിലൂടെ ശ്രദ്ധേയമായി രമണൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ പ്രേക്ഷക പ്രീതി നേടിയ ഈ നാടകം വഴുതക്കാട് കാർമൽ സ്കൂളിലെ വിദ്യാർഥികളാണ് അരങ്ങിലെത്തിച്ചത്.
യേശുക്രിസ്തുവിന്റെയും രമണന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ച് സമൂഹത്തിലെ ജാതി-മത ചിന്തകൾക്കെതിരേ ശബ്ദമുയർത്തുകയാണ് ഈ നാടകം.
സമൂഹത്തിലെ ദുരഭിമാനക്കൊല അടക്കമുള്ള വിപത്തുകൾക്കെതിരേയുള്ള ചൂണ്ടുവിരൽ കൂടിയാണ് ഈ നാടകം. പ്രണയവും സ്നേഹവുമുണ്ടെങ്കിലേ ജീവിതമുള്ളൂ എന്ന സന്ദേശമാണ് ഈ നാടകം പകർന്നു നൽകുന്നത്.
തൃശൂർ സ്വദേശി ജിനേഷ് ആന്പല്ലൂർ ആണ് കാർമലിലെ കുട്ടികൾക്കായി നാടകം ഒരുക്കിയത്.
രമണനായി ഡി.ആർ. ദക്ഷ വേഷമിട്ടപ്പോൾ ചന്ദ്രികയായി എം.ആർ. നിധിയാണ് അരങ്ങിലെത്തിയത്. സൂത്രധാരന്റെ വേഷത്തിൽ ശിവാനിയും രംഗത്തെത്തി.
ദിയ, ദേവിക, ഗയ, പത്മപ്രിയ, പവിത്ര, സ്നേഹ, ഹീരജ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. കാർമൾ സ്കൂൾ മാനേജ്മെന്റും അധ്യാപകരും നല്ല പ്രോത്സാഹനവും പിന്തുണയുമാണ് തങ്ങൾക്കു നൽകുന്നതെന്നു കുട്ടികൾ പറഞ്ഞു.
രമണനായി വേദി നിറഞ്ഞ് ദക്ഷ
പ്രശസ്ത റിയാലിറ്റി ഷോ അവതാരകൻ രാജ് കലേഷിന്റെ മകളാണ് രമണൻ എന്ന നാടകത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ഡി.ആർ. ദക്ഷ. ഇന്നലെ മകളുടെ നാടകം കാണുന്നതിനു സദസിലിരിക്കുന്പോൾ രാജ് കലേഷിന്റെ ഓർമകൾ മൂന്നു പതിറ്റാണ്ടു പിന്നോട്ടു കുതിച്ചു. 1995-ലെ സംസ്ഥാന സ്കൂൾ കലോത്സവം.
അന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് രാജ് കലേഷ് ആയിരുന്നു. നഗരൂർ നെടുന്പറന്പ് ജിഎച്ച്എസ്എസിനു വേണ്ടി ഉച്ചാടനം എന്ന നാടകമായിരുന്നു അന്ന് രാജ് കലേഷ് അവതരിപ്പിച്ചത്. നാടകത്തിനു സമ്മാനം കിട്ടിയില്ലെങ്കിലും മികച്ച നടനായി തെരഞ്ഞടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കലേഷ് അന്നു വീട്ടിലേക്കു മടങ്ങിയത്.
30 വർഷങ്ങൾക്കിപ്പുറം വഴുതക്കാട് കാർമൽ എച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാർഥിനിയായ ദക്ഷയുടെ നാടകത്തിന് പിതാവിന് മാർക്ക് നൂറിൽ നൂറ്! പ്രഫഷണൽ നാടകത്തിൽ നിന്നുമാണ് സ്വകാര്യ ടെലിവിഷനിൽ കുക്കറി ഷോയിലേക്കും മാജിക്കിലേക്കും പിന്നീട് ഉടൻ പണം അടക്കമുള്ള ചാനൽ പരിപാടികളിലേക്കും കലേഷ് തിരിഞ്ഞത്. റഥമിക് ജിംനാസ്റ്റിക്സ് താരം കൂടിയായ ദക്ഷ ദേശീയ സ്കൂൾ കായിക മേളയിൽ അടക്കം പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും ക്ലാ..ക്ലീ..ക്ലൂ.. എന്ന നാടത്തിൽ പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ട് സ്കൂൾ നാടക സംഘത്തിൽ ദക്ഷയുണ്ടായിരുന്നു. ദിവ്യയാണ് രാജ് കലേഷിന്റെ ഭാര്യ. ഇളയ മകൻ ദർശ് തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർഥിയാണ്.