പൂവച്ചലിൽ പ്ലസ്ടൂ വിദ്യാർഥിക്ക് കുത്തേറ്റു
1492618
Sunday, January 5, 2025 6:02 AM IST
കാട്ടാക്കട: പട്ടാപകൽ പൂവച്ചലിൽ പ്ലസ് ടൂ വിദ്യാർഥിക്ക് കുത്തേറ്റു. കുത്തിയത് നാലംഗ സംഘം. ശ്വാസംകോശം തുളച്ചാണ് കുത്തിയത്. വിദ്യാർഥി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പൂവച്ചൽ വൊക്കേഷണൽ ഹയർസെക്കൻറി സ്കൂളിലെ വിദ്യാർഥി പൂവച്ചൽ സ്വദേശി അസ്ലമിനാണ് കുത്തേറ്റ്ത്.
ഇന്നലെ ഉച്ചയ്ക്ക് പൂവച്ചൽ ബാങ്കു നടയ്ക്ക് സമീപാണ് സംഭവം. വീട്ടിൽ നിന്നും സുഹ്യത്തിനെ കാണാൻ പുറപ്പെട്ട അസ്ലമിനെ സ്കൂളിന് സമീപമുള്ള ബാങ്ക് നടയിൽ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. അസ്ലമിന്റെ ശ്വാസകോശത്തിലാണ് ഇവരിൽ ഒരാൾ കുത്തിയത്.
തുടർന്ന് അവശനായ അസ്ലം തറയിൽ വീണതോടെ നാലംഗ സംഘം രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ പരിക്കേറ്റ വിദ്യാർഥിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിദ്യാർഥി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
നേരത്തെ ഈ സ്കൂളുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘർഷം നടന്നിരുന്നതായും രണ്ടു മാസം മുൻപ് നടന്ന പ്ലസ് ഒൺ- പ്ലസ്ടൂ വിദ്യാർഥികളുടെ സംഘർഷത്തിൽ സ്കൂൾ പ്രിൻസിപ്പാൽ അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നതായും പോലീസ് പറയുന്നു.
അന്നു നടന്ന ആക്രമണത്തിന്റെ ബാക്കിയാകാം കഴിഞ്ഞ ദിവസമുണ്ടായതെന്ന് പോലീസ് സംശയിക്കുന്നു.