ജോ​ർ​ജി​യ​യി​ൽ ഇ​ന്ത്യ​ൻ ​അ​മേ​രി​ക്ക​ൻ സ്ഥാ​നാ​ർ​ഥി രാ​മ​സ്വാ​മി​ക്കു ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ വി​ജ​യം
Wednesday, May 29, 2024 6:17 AM IST
പി.പി. ചെറിയാൻ
അ​റ്റ്ലാ​ന്‍റ: ജോ​ർ​ജി​യ സം​സ്ഥാ​ന സെ​ന​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ ക​ട​മ്പ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ശ്വി​ൻ രാ​മ​സ്വാ​മി​ക്ക് വി​ജ​യം. ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ വി​ജ​യി​ച്ച അ​ശ്വി​ൻ രാ​മ​സ്വാ​മി നി​ല​വി​ലെ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ഷോ​ൺ സ്റ്റി​ല്ലി​നെ നേ​രി​ടും.

ന​വം​ബ​റി​ൽ 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നൊ​പ്പം കു​റ്റാ​രോ​പി​ത​നാ​യ വ്യ​ക്തി​യാ​ണ് ഷോ​ൺ.​

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ, ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​തി​നി​ധി​യും ജോ​ർ​ജി​യ​യി​ൽ ഈ ​സ്ഥാ​നം നേ​ടു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ​അ​മേ​രി​ക്ക​ക്കാ​ര​നും അ​ശ്വി​ൻ ആ​യി​രി​ക്കും.

ന​വം​ബ​റി​ൽ പൊ​തു​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​ശ്വി​ൻ രാ​മ​സ്വാ​മി​ക്ക് 25 വ​യ​​സ് പൂ​ർ​ത്തി​യാ​കും. 25 വ​യ​​സും അ​തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് സെ​ന​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മു​ള്ള​ത്.​

ജോ​ൺ​സ് ക്രീ​ക്കി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന അ​ശ്വി​ൻ ഇ​പ്പോ​ൾ പ്ര​ചാ​ര​ണ ചൂ​ടി​ലാ​ണ് . ഇ​തി​നി​ടെ ഈ ​ആ​ഴ്ച ജോ​ർ​ജ് ടൗ​ൺ ലോ ​സ്കൂ​ളി​ൽ നി​ന്ന് ബി​രു​ദം നേ​ടി. അ​ശ്വി​ൻ രാ​മ​സ്വാ​മി​യു​ടെ മാ​താ​പി​താ​ക്ക​ൾ 1990ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് യു​എ​സി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.