അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ യുഎസ് വിമാനം ശനിയാഴ്ച
Friday, February 14, 2025 2:50 PM IST
അമൃത്സർ: അമേരിക്കയിൽ പിടിയിലായ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ എത്തുമെന്ന് റിപ്പോർട്ട്. എത്രപേരായിരിക്കും ഈ വിമാനത്തിലുണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല.
ഇതിനുപിന്നാലെ കൂടുതൽ ഇന്ത്യക്കാരുമായി വിമാനങ്ങൾ എത്തുമെന്നും റിപ്പോർട്ടുണ്ട്. നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെ കഴിഞ്ഞ അഞ്ചിന് അമേരിക്കൻ സൈന്യത്തിന്റെ ചരക്കുവിമാനത്തിൽ അമൃത്സറിലെത്തിച്ചിരുന്നു.
അതേസമയം, നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായി ഡൽഹിയിൽ ഇറങ്ങുന്നതിനു പകരം വിമാനങ്ങൾ അമൃത്സറിലെത്തുന്നതിനെ വിമർശിച്ച് ആം ആദ്മി സർക്കാർ രംഗത്തെത്തി. കേന്ദ്രസർക്കാർ പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി നേതാവും ധനമന്ത്രിയുമായ ഹർപാൽ ചീമ ആരോപിച്ചു.
എന്തുകൊണ്ടാണ് ഈ വിമാനങ്ങൾ ഹരിയാനയിലോ ഗുജറാത്തിലോ ഇറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.