ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രവാസികളുടെ സ്നേഹോപഹാരം; ഏലയ്ക്കാ മാല സമ്മാനിച്ചു
Wednesday, December 11, 2024 2:49 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് സ്നേഹോപഹാരം സമർപ്പിച്ച് പ്രവാസികൾ. ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം, മുൻ അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരക്കൽ എന്നിവർ ചേർന്ന് പ്രവാസികളുടെ സ്നേഹോപഹാരമായി ഏലയ്ക്കാ മാല മാർപ്പാപ്പയെ അണിയിച്ചു.
കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ഭാഗമായി പ്രതിനിധി സംഘം വത്തിക്കാനിലെത്തിയത്.
നാട്ടിൽ നിന്നുള്ള 31 പേരുൾപ്പടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് 62 പേരാണ് പ്രവാസി അപ്പോസ്തലേറ്റിന്റെ സംഘത്തിലുണ്ടായിരുന്നത്. മടക്കയാത്രയ്ക്ക് മുൻപ് ഈ ലോക ജീവിതത്തിൽ ലഭിച്ച ഏറ്റവും അസുലഭ സൗഭാഗ്യമാണ് മാർപാപ്പയെ നേരിട്ട് അടുത്ത് കാണാനും ഹാരാർപ്പണം നടത്താനും സാധിച്ചതെന്ന് ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു.
മാർ ജോർജ് കൂവക്കാട്ടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പരിശുദ്ധ പിതാവ് വ്യക്തിപരമായി ആശീർവാദം നൽകി. ദീർഘനാൾ പ്രവാസിയായി ജീവിച്ച് പ്രവാസ ജീവിതത്തിന്റെ എല്ലാ വിഷമങ്ങളും അനുഭവിച്ച് എന്നും പ്രവാസികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന കർദിനാൾ കൂവക്കാട്ട്, ആഗോള സഭയുടെ രാജകുമാരനായി ഉയർത്തപ്പെടുന്ന ചടങ്ങ് വളരെ ആവേശത്തോടും ഭക്തിയോടും കൂടിയാണ് ലോകം മുഴുവനുമുള്ള പ്രവാസികൾ വീക്ഷിച്ചത്.
ചടങ്ങുകൾ മുഴുവൻ തത്സമയം കണ്ടും സാമൂഹിക മാധ്യമങ്ങളിൽ ആശംസ അറിയിച്ചും അവർ തങ്ങളുടെ സ്നേഹവും സന്തോഷവും പങ്കുവച്ചു.