ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു
Monday, December 2, 2024 3:58 PM IST
ലെസ്റ്റർ: യുകെയിലെ കുടിയേറ്റ തൊഴിലാളികളുടെ സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐഡബ്ല്യുഎ) ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു.
സീതാറാം യച്ചൂരിയുടെ പേര് നൽകിയ ഭഗത്സിംഗ് വെൽഫെയർ സെന്ററിലായിരുന്നു സമ്മേളനം. 1938ൽ കൊളോണിയൽ ഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരേ പോരാടാനായി രൂപം കൊണ്ട സംഘടനയുടെ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ദയാൽ ബാഗ്രി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ്, എസ്എഫ്ഐ യുകെ പ്രതിനിധി നൂപുർ പലിവാൽ, മലയാളികളുടെ പുരോഗമന സാംസ്കാരിക സംഘടന പ്രതിനിധി ജോസെൻ ജോസ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
പാക്കിസ്ഥാനിലെ അവാമി വർക്കേഴ്സ് പാർട്ടി അധ്യക്ഷൻ പർവേസ് ഫതഹ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. യുകെയിലെ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ജിഎഫ്ടിയുവിന്റെ ജനറൽ സെക്രട്ടറി ഗവെയ്ൻ ലിറ്റിൽ വിഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സെക്രട്ടറി ലിയോസ് പോൾ സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്, ആരോഗ്യപ്രശ്നങ്ങൾ മൂലം സ്ഥാനമൊഴിയുന്ന ദയാൽ ബാഗ്രിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹർസെവ് ബൈൻസ് പ്രസിഡന്റായും ലിയോസ് പോൾ ജനറൽ സെക്രട്ടറിയായും തുടരും.
ശ്രീകുമാർ, അശ്വതി റെബേക്ക അശോക് എന്നിവർ വൈസ് പ്രസിഡന്റുമാരായും പ്രിയ രാജൻ അസിസ്റ്റന്റ് സെക്രട്ടറിയായും അവതാർ സിംഗ് ട്രഷററായും പ്രീത് ബൈൻസ് വിമൻസ് കോഓർഡിനേറ്ററായും വിശാൽ ഉദയകുമാർ മെമ്പർഷിപ്പ് മീഡിയ കോഓർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
രജീന്ദർ ബൈൻസ്, ബൽക്കാർ ധാംറൈറ്റ്, സുനിൽ മലയിൽ, ജോസൻ ജോസ്, സജീർ നൂഹ് മുഹമ്മദ്, ആഷിക് മുഹമ്മദ് നാസ്സർ, ഹർജിൻഡർ ഡോസാൻജ്, ലിനു വർഗീസ്, പി.സി. ജോസ്, ജയപ്രകാശ് മറയൂർ, ജോസഫ് ടി. ജോസഫ് എന്നിവരടങ്ങുന്ന 11 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.